23 July, 2021 05:21:12 PM


കരുവന്നൂര്‍ സഹകരണബാങ്ക് ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം ആരംഭിച്ചു



തൃശൂര്‍: സി.പി.എം ഭരിയ്ക്കുന്ന കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിയ്ക്കുക. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസില്‍ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി തേടി. വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.അന്വേഷണമാരംഭിച്ചത്.


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്നു പേരും സി പി എം അംഗങ്ങളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍  ബിജു കരീം, സെക്രട്ടറി  ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണ്, ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.


തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ ഭരണസമിതിയെ പിരിച്ചുവിട്ട് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. നൂറു കോടിയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നിരിയ്ക്കുന്നത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.


ഇടപാടുകളില്‍ സുതാര്യത ഇല്ലെന്ന് പരാതികളെ തുടര്‍ന്ന് 2019ല്‍  ബാങ്കിനെതിരെ തട്ടിപ്പ് പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു .ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്. ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാർ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ഇതിന് പുറമേ നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തും, ഇല്ലാത്ത ഭൂമി ഈടുവച്ചും ഭരണ സമിതി കോടികൾ വെട്ടിച്ചിട്ടുണ്ട്. ബാങ്കിന്റെ മറവിൽ വ്യാപക ഭൂമി തട്ടിപ്പും നടന്നിട്ടുണ്ട്.


വില കൂടിയ ഭൂമി ഈടുവെച്ച് വായ്പയെടുത്തവരുടെ ഭൂമി വേഗത്തിൽ ജപ്തിചെയ്തായിരുന്നു ഭൂമി തട്ടിയെടുത്തിരുന്നതെന്നും ആക്ഷേപമുണ്ട്. അതിനിടെ ബാങ്കിൽനിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന്  ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. 16.3 സെന്റ് സ്ഥലവും വീടും പണയം വച്ചാണ് വായ്പ എടുത്തിരുന്നത്. മുകുന്ദൻ്റെ ആത്മഹത്യയേത്തുടർന്ന്  ജപ്തി നടപടികൾ ബാങ്ക് നിർത്തി വച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K