22 July, 2021 12:36:16 PM


കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയിൽ



തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത കോൺഗ്രസുകാരനായ മുൻ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി എം മുകുന്ദൻ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് കരവന്നൂർ സഹകരണ ബാങ്കിൽ കണ്ടെത്തിയത്.


100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാരാണ് കണ്ടെത്തിയത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.

സിപിഎം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി കൊടുത്തിട്ടുണ്ട്. 2019-ല്‍ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. ബാങ്കിന്‍റെ സെക്രട്ടറി അടക്കമുള്ള ആളുകള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K