21 July, 2021 10:54:26 AM
വീട് കുത്തിത്തുറന്ന് കവർച്ച: 28 പവന്‍ സ്വർണനാണയങ്ങളും സ്വർണബിസ്ക്കറ്റും നഷ്ടമായി
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന കവർച്ചാ സംഘം 28 പവന്‍ സ്വര്‍ണം കവര്‍ന്നു. കുടുംബാഗങ്ങള്‍ സ്ഥലത്തില്ലാതിരുന്ന നേരത്താണ് മോഷണം നന്നടന്നത്. എടവിലങ്ങ് പതപ്പിള്ളി വീട്ടില്‍ ഷാനവാസിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ഷാനവാസ് വിദേശത്താണ്. കുടുംബാഗങ്ങള്‍ കളമശ്ശേരിയിലെ ഫ്ളാറ്റിലായിരുന്നു താമസം. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഷാനവാസിന്റെ സഹോദരന്‍ താഹയാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്.
വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓരോ പവന്‍ തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുമാണ് മോഷണം പോയത്. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്. കൊടുങ്ങല്ലൂര്‍ ഡിവൈ എസ് പി സലീഷ് എന്‍ ശങ്കര്‍, സി ഐ കെ ബ്രിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്.