19 July, 2021 06:02:27 PM
തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷം; 60 വിദ്യാർത്ഥികൾക്ക് രോഗം
തൃശൂർ: മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്തു രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശോധനയിൽ അമ്പത് എം ബി ബി എസ് വിദ്യാർത്ഥികൾക്കും പത്ത് പി ജി വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി, സർജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരുഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ്. ശസ്ത്രക്രിയ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളിൽ പത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ആശുപത്രിയുടെ പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. 13 ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. അണു നശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.
അതേസമയം, തൃശൂർ ജില്ലയിൽ കഴിഞ്ഞദിവസം 1486 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വിവിധ ജില്ലകളിൽ അതിരൂക്ഷമായി തുടരുകയാണ്.