05 June, 2021 07:53:58 PM
കൊടകര കുഴല്‍പ്പണ കേസ്: സിപിഎം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. വാഹനം ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്നും റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ തുക റജില്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കും. പണം കൈപ്പറ്റിയതിനെ കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.
കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇന്നു തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികള്‍ ധര്‍മ്മരാജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു.