31 May, 2021 08:33:45 AM


'പ്രാണവായുവല്ലേ, പണിക്കൂലി വേണ്ട സർ': കോവിഡിനിടയിൽ താരങ്ങളായി സഹോദരങ്ങൾ



തൃശൂർ: കോവിഡ് മഹാമാരിക്കിടയിൽ ലാഭേച്ഛയ്ക്കപ്പുറത്തെ നന്മകളുടെ വലിയ കഥകള്‍ ആശ്വാസ വാര്‍ത്തകളായി എത്താറുണ്ട്. അത്തരമൊരു കഥയാണ് തൃശൂരില്‍ നിന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്ന് പറഞ്ഞ അഖില്‍ എന്ന യുവാവിനെയും സഹോദരനെയുമാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതർ മലയാളിക്ക് പരിചയപ്പെടുത്തിയത്.


സംഭവം ഇങ്ങനെ. ഓക്സിജനുമായി വന്ന TN 88B 6702 ടാങ്കർ ലോറിയെ തൃശ്ശൂർ പാലക്കാട് അതിർത്തിയായ വാണിയമ്പാറയിൽ പൈലറ്റ് ചെയ്‍ത് വരികയായിരുന്നു മോട്ടോര്‍വാഹന വകുപ്പിലെ എൻഫോഴ്‍സ്‍മെന്‍റ് വിഭാഗം. എഎംവിഐമാരായ പ്രവീൺ, സനീഷ്, ഡ്രൈവർ അനീഷ് എന്നിവരായിരുന്നു സംഘത്തില്‍. ലോറി ദേശീയപാത നടത്തറയില്‍ എത്തിയപ്പോഴാണ് എയര്‍ ലീക്ക് ശ്രദ്ധയില്‍പ്പെടുന്നത്. രാത്രി 12.30 ആയിരുന്നു അപ്പോൾ സമയം. വാഹനം നിർത്തി പരിശോധിച്ചപ്പോള്‍ പിൻവശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററിൽ നിന്നാണെന്ന് ലീക്കെന്ന് സ്ഥിരീകരിച്ചു. വെളിച്ചക്കുറവ് മൂലം വാഹനം എമർജൻസി ലൈറ്റുമിട്ട് പാലിയേക്കര ടോൾ പ്ലാസക്കടുത്തുള്ള റോഡരികിൽ ഒതുക്കി നിർത്തി.


തുടര്‍ന്ന് ലോറിക്ക് പൈലറ്റ് വന്നിരുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മെക്കാനിക്കിനെ തേടി പരക്കംപാഞ്ഞു. സ്ഥലപരിചയമില്ലാത്ത ലോറി ഡ്രൈവറും മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരും അടുത്തുള്ള സര്‍വീസ് സെന്ററിലും കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ഷോപ്പിലും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കെഎസ്ആര്‍ടിസി അങ്കമാലി ആലുവ റീജണൽ വർക്ക് ഷോപ്പ് എന്നിവിടങ്ങളിൽ ആളും പാർട്ട്സും കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും പെട്ടന്ന് കൺഫോം ചെയ്‍ത് കിട്ടിയില്ല. 


തുടർന്ന് തൊട്ടടുത്തുള്ള പയനിയർ ഓട്ടോ ഗ്യാരേജിൽ എത്തി ഉദ്യോഗസ്ഥര്‍. രാത്രി അവിടെ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതിയെങ്കിലും വർക്ക്ഷോപ്പിൽ ആളുണ്ടായിരുന്നില്ല. ഇതോടെ വർക്ക്ഷോപ്പ് ഉടമകളായ അനൂപിന്‍റെയും അഖിലിന്‍റെയും വീടു തേടി എൻഫോഴ്സ്മെൻറ് വാഹനവുമായി ഉദ്യോഗസ്ഥർ പോയി. നട്ടപ്പാതിരായ്ക്ക് അനൂപിനേയും അഖിലിനെയും വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം പറഞ്ഞു.  കേൾക്കേണ്ട താമസം രണ്ടാമതൊന്ന് ആലോചിക്കാതെ ടൂൾകിറ്റുമായി അഖിൽ റെഡി. ഡിപ്പാർട്ട്മെന്റ് വണ്ടിയിൽ പോകാം എന്ന് പറഞ്ഞപ്പോൾ കോവിഡ് ഒക്കെയല്ലെ വർക്ക്ഷോപ്പിൽ പല ആളുകൾ വരുന്നതല്ലെ എന്ന് പറഞ്ഞ് സ്വന്തം ടൂവീലറിൽ അനുജൻ അനൂപിനെയും കൂട്ടി ഉദ്യോഗസ്ഥർക്കൊപ്പം പാലിയേക്കരയിലേക്ക് തിരിച്ചു അഖില്‍. 


ലോറിക്കടിയിലിറങ്ങിയ അഖില്‍ ലീക്ക് കണ്ടെത്തി. പിറകിലെ മള്‍ട്ടി ആക്‌സില്‍ കോമ്പിനേഷനിലേക്കുള്ള പൈപ്പ് ബ്ലോക്ക് ചെയ്‍ത് തകരാര്‍ താത്കാലികമായി പരിഹരിച്ചു. പണി കഴിഞ്ഞ് കൂലി നല്‍കിയപ്പോഴായിരുന്നു നട്ടപ്പാതിരായ്ക്ക് ഇറങ്ങി വന്ന അതേ മനസോടെ ഒട്ടുമാലോചിക്കാതെയുള്ള അഖിലിന്‍റെ ആ ക്ലാസിക്ക് മറുപടി. 'കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജനുമായി പോകുന്ന വണ്ടിയല്ലേ.. പണിക്കാശ് വേണ്ട..!' ഉദ്യോഗസ്ഥർ വളരെ നിർബന്ധിച്ചെങ്കിലും അഖിൽ ഉറച്ചുതന്നെയായിരുന്നു. 'ഇനി സമയം കളയേണ്ട സർ, വേഗം വിട്ടോളൂ..'എന്നായിരുന്നു മറുപടി.


അഖിലും അനൂപും ഒപ്പം സമാന സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്ന ആയിരക്കണക്കിന് അജ്ഞാത സുഹൃത്തുക്കൾക്കും നൂറുകണക്കിന് രോഗികള്‍ ഉൾപ്പെടെയുള്ള എല്ലാ കേരളീയരുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മറന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K