30 May, 2021 05:59:14 PM
കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സംഘർഷം; ബിജെപി പ്രവർത്തകന് കുത്തേറ്റു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി ജെ പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സിൻ എടുക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ബി ജെ പി പ്രവർത്തകന് കുത്തേറ്റു. തൃത്തല്ലൂർ സ്വദേശിയായ ഹിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി വാക്സിൻ എടുക്കാൻ എത്തിയ ഹിരണും മറ്റുള്ളവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, ഈ വാഗ്വാദം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
ഹിരണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി പ്രവർത്തകർ തന്നെയാണ് ഏറ്റുമുട്ടിയതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരെല്ലാമാണ് ഇതിന് പിന്നിൽ എന്ന് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ലാ ഓഫീസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. സതീഷ് ആണ് പണവുമായി എത്തിയവർക്ക് മുറിയെടുത്തത്.