13 May, 2021 05:45:05 PM


കോവിഡ് രോഗികള്‍ക്ക് ആശ്വാസവും നാടിന് മാതൃകയുമായി അമ്മയും മകനും



ചാലക്കുടി: കോവിഡിന് മുന്നില്‍ നാടാകെ ഭയന്നു നില്‍ക്കുമ്പോള്‍ സദാസമയവും  പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അമ്മയും മകനും നാടിന് മാതൃകയാകുന്നു. മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം സതിയും ആര്‍മി ഉദ്യോഗസ്ഥനായ  മകന്‍ അനില്‍ ബാബുവുമാണിവര്‍. ഒരു ഫോണ്‍ കോള്‍ മതി, കണ്ടെയ്ന്മെന്‍റ് സോണായ പഞ്ചായത്തിലെ രോഗികളെ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുവരാനും സഹായിക്കാന്‍ ഇവര്‍ സദാ സന്നദ്ധര്‍.


പി.പി.ഇ കിറ്റ് ധരിപ്പിച്ച മകനെ സ്‌കൂട്ടറില്‍  പിന്നിലിരുത്തിയാണ് സതി ബാബു  സഹായത്തിനെത്തുക. വാര്‍ഡിലെ ഒരു വീട്ടില്‍ അംഗങ്ങള്‍ക്ക് എല്ലാം രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അവിടെയുള്ള വയസ്സായ സ്ത്രീക്ക് ഓക്‌സിജന്‍ കുറവു കാണിച്ചിരുന്നു. ഉടന്‍ അവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകണം. മറ്റു കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ ക്ഷീണിതര്‍. കോവിഡ് പോസിറ്റിവായ വല്യമ്മയെ താങ്ങി പിടിച്ച്‌ ആംബുലന്‍സിലേക്ക് കയറ്റാന്‍ ഒരാളുടെ സഹായം കൂടിയേ തീരൂ.ഉടനെ ആ വീട്ടിലെ ഒരംഗം സതി മെമ്പറെ വിളിച്ച്‌ കാര്യം പറയേണ്ട താമസം സ്വന്തം മകനോട് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു.


അനില്‍ ബാബു പി.പി.ഇ കിറ്റ് അണിഞ്ഞ് പോകാന്‍ റെഡി. അങ്ങനെ മെമ്ബറും മകനും രോഗിയുടെ വീട്ടിലേക്ക്. നിമിഷ നേരം കൊണ്ട് രോഗിയുടെ വീട്ടിലെത്തി വയോധികയെ കോരിയെടുത്ത് ആംബുലന്‍സിലേക്ക് കയറ്റി. പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വീട്ടിലെത്തി പി.പി.ഇ കിറ്റെല്ലാം കത്തിച്ച്‌ കുളിച്ച്‌ ഭക്ഷണത്തിനു മുന്നിലിരിക്കുമ്ബോള്‍ അതാ വീണ്ടും വിളി.

'മോനേ ആ വല്യമ്മയെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടു വരുവാന്‍ ചിലപ്പോള്‍ ഒന്നുകൂടെ പോകേണ്ടി വരും.


അനിലിന്റെ മറുപടി ഉടനെ വന്നു -ഞാന്‍ റെഡിയാണമ്മേ നമുക്ക് പോകാം. സമീപത്തെ യുവജന ക്ലബായ എം.സി. ബോയ്‌സിന്റെ സഹായത്തോടെ സതിയുടെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തിയിരുന്നു. കൊറോണയെന്ന മഹാ വ്യാധി മനുഷ്യ ജീവനുകളെ വിഴുങ്ങുമ്ബോള്‍ നാടിന്റെ അതിജീവനത്തിന് മാതൃകയാവുകയാണ് ഈ അമ്മയുടെയും മകന്റെയും സേവനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K