13 May, 2021 10:56:06 AM
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു
തൃശൂർ: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചിരുന്നു.
രണ്ട് വർഷമായി തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലൻ. അത്തരത്തിൽ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് നകുലൻ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലൻ ആരോപിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അല്പം വൈകിയിരുന്നു എന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നത്. തുടർന്ന് ഒരു ഘട്ടത്തിൽ പോലും ചികിത്സയ്ക്ക് മുടക്കം സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.