10 May, 2021 03:01:02 PM


കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു ; ബന്ധുക്കൾക്കും ഭാരവാഹികൾക്കുമെതിരെ കേസ്



തൃശൂർ: തൃശൂരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. തൃശൂർ എംഎൽസി പള്ളിയിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂർ സ്വദേശിനി ഖദീജ കൊവിഡ് ബാധിച്ച് മരിച്ചത്. പൊലീസ് ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തു.


ബന്ധുക്കൾക്കും തൃശൂർ എംഎൽസി മസ്ജീദ് ഭാരവാഹികൾക്കുമെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ മെഡിക്കൽ കോളജിൽ നിന്നും സംസ്കാരത്തിനായി കൊണ്ടുപോയ മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയാൽ അത് ഉടനെതന്നെ സംസ്കരിക്കണമെന്നാണ് ചട്ടം. അത് കുടുംബം ലംഘിക്കുകയായിരുന്നുവെന്ന് ഡിഎംഒ പറഞ്ഞു.


തീർത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂർ ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. കൊവിഡ് മാനദണ്ഡത്തിന് വിരുദ്ധമായി ചടങ്ങുകൾ നടത്തിയ ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സംഭവത്തിന് പിന്നാലെ മൃതദേഹം ഇനി സർക്കാരിന്റെ നിയന്ത്രണത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K