29 April, 2021 10:46:49 AM
കൊടകര കുഴൽപ്പണ കവർച്ച: ഒരു പ്രതികൂടി കസ്റ്റഡിയിൽ; ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി സസ്‌പെൻഷൻ
ചാലക്കുടി: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിൽ. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
കുഴൽപ്പണം തട്ടാൻ നിയോഗിക്കപ്പെട്ട ഗുണ്ടാസംഘത്തെ ഏകോപിപ്പിച്ചയാളാണ് ഒന്നാം പ്രതി മുഹമ്മദ് അലി. ഇതിനായി സഹായം നൽകിയവരാണ് രഞ്ജിത്തും സുജേഷും. എഡ്വിൻ പിടിച്ചുപറി സംഘത്തിലുണ്ടായിരുന്നയാളാണ്. കുഴൽപ്പണം കടന്നുപോകുന്ന വാഹനത്തിൽ ഉണ്ടായിരുന്ന അബ്ദുൾ റഷീദിനായും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളാണ് പിടിച്ചുപറി സംഘത്തിന് വേണ്ട വിവരങ്ങൾ ചോർത്തി നൽകിയത്. പണം കൊടുത്തുവിട്ടുവെന്ന് കരുതുന്ന ധർമ്മരാജനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ധർമ്മരാജന്റെ കാറിലായിരുന്നു പണം കടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം പൊലീസും പ്രതികളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി എസ് പി സസ്‌പെൻഡ് ചെയ്തു. വൈശാഖ് രാജൻ എന്ന പൊലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. കുഴൽപ്പണ കേസിലെ പ്രതി മാർട്ടിനിൽ നിന്ന് കഞ്ചാവ് കടത്ത് കേസ് അട്ടിമറിക്കാൻ 30,000 രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ സമാനമായ കേസിൽ ഇതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ വിപിൻലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു.