28 April, 2021 11:06:13 AM
ഗുരുവായൂർ ആനക്കോട്ടയിൽ 32 പാപ്പാൻമാർക്ക് കൂടി കൊവിഡ്; ക്ഷേത്രചടങ്ങുകൾ പ്രതിസന്ധിയിൽ
ഗുരുവായൂർ: ആനക്കോട്ടയിൽ 32 പാപ്പാൻമാർക്ക് കൂടി കൊവിഡ്. ഇതോടെ ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണൻ, കൃഷ്ണ നാരായണൻ എന്നീ കൊമ്പൻമാരുടെ പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് ജൂനിയർ കേശവൻ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകൾ പൂർത്തിയാക്കിയത്. രണ്ട് പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവർക്കും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് 30 പേർക്ക് കൂടി കൊവിഡ് പോസിറ്റീസ് ആകുകയായിരുന്നു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആനക്കോട്ടയിലെ കൂടുതൽ പാപ്പാൻമാർക്കും ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.