26 April, 2021 10:46:51 PM
മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഡോക്ടറെ അധിക്ഷേപിച്ച് കോർപ്പറേഷൻ കൗൺസിലർ
തൃശൂർ: മാസ്ക്ക് ധരിക്കാന് ആവശ്യപ്പെട്ട ഡോക്ടറെ കോർപ്പറേഷൻ കൗൺസിലർ അധിക്ഷേപിച്ചതായി പരാതി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശാഗിനയാണ് കൗൺസിലർ ലാലി ജെയിംസിനെതിരെ രംഗത്തെത്തിയത്. എന്നാൽ തനിക്കൊപ്പം വന്ന രോഗിയെ ഡോക്ടർ ചികിത്സിക്കാൻ തയ്യാറായില്ല എന്നും ഇത് ചോദ്യം ചെയ്ത തനിക്കെതിരെ ഇവർ വ്യാജ പരാതി നൽകിയതാണെന്നും ലാലി ജയിംസ് ചൂണ്ടി കാട്ടി.
കഴിഞ്ഞ മാസം 20 നാണ് സംഭവം. വീടിനടുത്തുള്ള ഒരു രോഗിയുമായി തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ കൗൺസിലർ ലാലി ജെയിംസ് കൃത്യമായി മാസ്ക് ധരിക്കാതെ ഒപിയിലേക്ക് അതിക്രമിച്ച് കയറി. തുടർന്ന് സാമൂൂഹിക അകലം പാലിക്കാതെ ഡോക്ടറോട് സംസാരിച്ചു. ഇത് ചൂണ്ടിക്കാട്ടിയ ഡോക്ടർ ശാഗിന, കൗൺസിലറോട് കൃത്യമായി മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ലാലി ജെയിംസ് തനിക്ക് നേരെ രൂക്ഷമായ ഭാഷയിൽ കയർത്ത് സംസാരിക്കുകയായിരുന്നു എന്ന് ഡോക്ടർ ശാഗിന പറഞ്ഞു. ഇതിന് പിന്നാലെ മറ്റ് രോഗികളോടും കൗൺസിലർ തന്നെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി എന്നും ശാഗിന ചൂണ്ടിക്കാട്ടി. സംഭവത്തിന് ശേഷം പൊലീസിന് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നും ഇവർ പറയുന്നു.
എന്നാൽ രോഗം മൂർച്ചിച്ച ഒരാളെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ ഈ ഡോക്ടർ കിടത്തി ചികിത്സിക്കാൻ തയ്യാറായില്ല എന്നും ചോദ്യം ചെയ്ത തനിക്ക് നേരെ ശാഗിന ആക്രോശിക്കുകയായിരുന്നു എന്നും കൗൺസിലർ ലാലി ജെയിംസ് വ്യക്തമാക്കി. അതേസമയം കൗണസിലർക്കെതിരായ പരാതിയിൽ പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് കെജിഎംഓയുടെ നേതൃത്വത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ.