18 March, 2021 04:36:51 AM
മണ്ണുത്തി-വടക്കഞ്ചേരി പാത ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ ആറു വരിയാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായുള്ള കുതിരാനിലെ ഇരട്ടടണല് നിര്‍മാണവും അടുത്ത ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ദേശീയപാതയുടെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണിമല എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് ഫിലിപ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.മണ്ണുത്തി-വടക്കാഞ്ചേരി പാത ആറു വരിയാക്കുന്ന പദ്ധതി തൃശൂര്‍ എക്സ്പ്രസ് വേ കരാറെടുത്തിട്ട് നാലു വര്‍ഷമായിട്ടും ഇനിയും പൂര്‍ത്തിയായിട്ടില്ല.
കുതിരാനിലെ ടണലുകളുടെ നിര്‍മാണം മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരിക്കുകയാണെന്നും മതിയായ ഫണ്ടു നല്കാത്തതിനാല് നിര്‍മാണം പലതവണ നിലച്ചെന്നും ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും തൃശൂര്‍ എക്സ്പ്രസ് വേ കമ്പനി വിശദീകരണം നല്കി.