08 February, 2021 07:24:49 PM


പാവറട്ടി കസ്റ്റഡി കൊലപാതകം: 7 എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കുറ്റപത്രം



തൃശ്ശൂര്‍: പാവറട്ടി കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ നാല് പേര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.


2019 ഒക്ടോബര്‍ ഒന്നിനാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശി രഞ്ജിത് കുമാര്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാറിനെ എക്‌സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച്‌ ഒന്നേകാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റതാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനായിരുന്നു അന്വേഷണച്ചുമതല.


കേസില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. അബ്ദുള്‍ ജബ്ബാര്‍, വിഎ ഉമ്മര്‍, മഹേഷ്, നിബിന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം, അന്യായമായി തടങ്കലില്‍വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അനൂപ്, ബെന്നി, നെവിന്‍ എന്നിവര്‍ക്കെതിരേ കൃത്രിമമായി തെളിവ് നിര്‍മിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളും ചുമത്തി. 780 പേജുള്ള കുറ്റപത്രത്തില്‍ അന്നത്തെ തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പികെ സാനു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ, തൃശൂര്‍ സിഐ ഫൈസല്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്.


എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ക്രൂര മര്‍ദനമേറ്റിരുന്നെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. രഞ്ജിത്തിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉള്ളതായാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു റിപോര്‍ട്ട്. രഞ്ജിത്ത് കുമാറിനെ കഞ്ചാവുമായി ഗുരുവായൂരില്‍ നിന്ന് സ്‌പെഷല്‍ എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.


തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ അപസ്മാരത്തെ തുടര്‍ന്ന് പാവറട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു എക്‌സൈസ് അധികൃതര്‍ ആദ്യം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മര്‍ദനമേറ്റ പാടുകള്‍ ശരീരത്തില്‍ കണ്ടതായി പരിശോധിച്ച ഡോക്ടര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലിസ് ആദ്യം കേസെടുത്തത് അസ്വാഭാവിക മരണത്തിനായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K