11 August, 2020 01:32:17 PM
വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം: പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ 8 പേർക്കെതിരെ കേസ്
തൃശൂർ : പുത്തൂർ വില്ലേജ് ഓഫീസിൽ വിലേജ് ഓഫീസർ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒല്ലൂർ പൊലീസ് കേസെടുത്തു. വില്ലേജ് ഓഫീസർ സിമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പുത്തൂർ വില്ലേജ് ഓഫീസിനുള്ളിൽവെച്ചാണ് വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പഞ്ചായത്ത് പ്രസിഡന്‍റ് മിനി രവീന്ദ്രൻ, മെമ്പർ ഗോപി ഉൾപ്പെടെയുള്ള എട്ട് പേർക്ക് എതിരെയാണ് കേസ്.
ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത് തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. വർഷങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ പീഡിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫീസർ മൊഴി നൽകി. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് ആണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തത്. മധ്യസ്ഥശ്രമങ്ങൾക്കിടെ മേശയിൽ നിന്ന് ബ്ലേഡ് എടുത്ത് വില്ലേജ് ഓഫീസർ കയ്യിലെ ഞരമ്പ് മുറിയ്ക്കുകയായിരുന്നു.