10 August, 2020 08:45:35 AM


ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടരുത്: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററോട് തന്ത്രി



ഗുരുവായൂര്‍: ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ ദേവസ്വം ചെയര്‍മാനും ഭരണസമിതിയും ഇടപെടുന്നതിനെതിരെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കി. ഇതു സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ച്ചയായി നിരവധി വിഷയങ്ങളില്‍ തന്ത്രിയും ചെയര്‍മാനും വിരുദ്ധ അഭിപ്രായത്തിലായിരുന്നു. അവസാനം ഊഴം ഏല്‍ക്കുന്ന കീഴ്ശാന്തിക്കാരുടെ നിയമനകാര്യത്തിലും ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഇടപെട്ടതോടെയാണ് തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് സുപ്രീം കോടതി വിധി ഉദ്ധരിച്ച്‌ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്തെഴുതിയത്.


ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീംകോടതി വരെ അംഗീകരിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് ജൂലൈ 22ന് തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയത്. ക്ഷേത്രത്തില്‍ ജൂലൈ 31ന് നടന്ന ഊഴം ശാന്തിയേല്‍ക്കല്‍ ചടങ്ങില്‍ ചെയര്‍മാനും ഭരണസമിതിയും ഇടപെടാന്‍ ശ്രമിച്ചതാണ് കത്തെഴുതാന്‍ കാരണം. ക്ഷേത്രത്തില്‍ കീഴ്ശാന്തിക്കാരുടെ ജോലികള്‍ ഏകോപിപ്പിക്കാന്‍ 2 പേരെ ഊഴം ശാന്തിക്കാരായി 6 മാസത്തേക്ക് നിയമിക്കാറുണ്ട്. പുതിയവരുടെ പേരുവിവരം നിലവിലുള്ളവര്‍ ദേവസ്വത്തെ അറിയിക്കും. ദേവസ്വം ഇതു തന്ത്രിക്ക് കൈമാറും. ഇവരുടെ യോഗ്യത പരിശോധിച്ച്‌ തന്ത്രി അനുമതി നല്‍കും.


ഓഗസ്റ്റ് 1 മുതല്‍ ശാന്തിയേല്‍ക്കേണ്ടവരുടെ പേരുകള്‍ ജൂലൈ 21ന് തന്ത്രി ദേവസ്വത്തെ അറിയിച്ചു. എന്നാല്‍ ഇവരോട് ജൂലൈ 29ന് ഭരണസമിതിയിലെത്തി യോഗ്യത വിശദീകരിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടു. ഇത് പൂര്‍ണമായും തെറ്റാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് തന്ത്രി കത്തെഴുതിയത്. തന്ത്രി കത്ത് നല്‍കിയതോടെ യോഗ്യതാ പരിശോധന ഒഴിവാക്കി. തന്ത്രി നിശ്ചയിച്ചവര്‍ തന്നെ ഊഴം ശാന്തിമാരായി ചുമതലയേറ്റു.


കൊറോണ മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവച്ച ഉദയാസ്തമന പൂജയും, വിളക്കും നടത്താന്‍ ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യുകയോ, തന്ത്രിയോട് ആലോചിക്കുകയോ ചെയ്യാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെതിരെ തന്ത്രി രംഗത്തു വരികയും ചെയര്‍മാന്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു. ഉപദേവത കലശം ഈ വര്‍ഷം മാറ്റിവയ്ക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയും തന്ത്രി ഉള്‍പ്പെട്ട ഭരണ സമിതി പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. നാമജപം നടത്തി എന്ന് ആരോപിച്ച്‌ ചെയര്‍മാന്‍ ഒരു കീഴ്ശാന്തിയെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് ഭരണസമിതി തിരിച്ചെടുത്തു. ക്ഷേത്രത്തില്‍ നടക്കുന്ന ശീവേലി ഓണ്‍ലൈനില്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചിരുന്നു. തന്ത്രി ഇടപെട്ട് അതും ഒഴിവാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K