31 December, 2015 01:31:59 PM
ജനറേറ്ററില്ലാത്ത മെഡിക്കല്‍ കോളേജ്
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ വൈദ്യുതി പോയാല്‍ ഏക ആശ്രയം മെഴുകിതിരി മാത്രം. ഇവിടെ ജനറേറ്റര്‍ ഇല്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്. ഹൈറേഞ്ചിലെ വൈദ്യുതി ലൈനുകളില്‍ എവിടെയെങ്കിലും അറ്റകുറ്റപ്പണി നടന്നാലോ മറ്റു കാരണങ്ങളാലോ മിക്ക ദിവസങ്ങളിലും വൈദ്യുതി ലഭിക്കാറേയില്ല.
ഇതോടെ ആസ്പത്രിയിലെ ഭൂരിഭാഗം പ്രവര്‍ത്തനവും നിലയ്ക്കും. എക്സ് റേ, മിനി ശസ്ത്രക്രിയാ മുറി, ഐ.സി.യു, സ്കാനിങ് ലാബ്, നേത്ര-ദന്ത വിഭാഗങ്ങളിലെ ഉപകരണങ്ങള്‍ ഇവയുടെ എല്ലാം പ്രവര്‍ത്തനം നിലയ്ക്കും. സന്ധ്യ കഴിഞ്ഞാല്‍ ആസ്പത്രി ഇരുട്ടിലാണ്. ഐ.സി.യുവില്‍ കിടക്കുന്ന രോഗികളുടെ അവസ്ഥയാണ് ഏറ്റവും ദുരിതമേറിയത്. പല ദിവസങ്ങളിലും ഈ രോഗികളുടെ നില അപകടാവസ്ഥയിലെത്താറുണ്ട്. മിക്കപ്പോഴും ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ്.
2013 ല്‍ ആസ്പത്രിക്ക് വേണ്ട ജനറേറ്റര്‍ വാങ്ങുന്നതിലേക്കായി ആസ്പത്രി വികസന ഫണ്ടില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപ ഇലക്ട്രിക് വിഭാഗത്തിന് നല്‍കിയതായാണ് അറിവ്. എന്നാല്‍ നാളിതുവരെ ജനറേറ്റര്‍ എത്തിയിട്ടില്ല. ഇതിനെക്കുറിച്ച് ഒരന്വേഷണവും അധികൃതര്‍ മുന്നോട്ട് വെക്കുന്നില്ല.
വൈദ്യുതി ഇല്ലാത്ത ദിവസങ്ങളില്‍ രോഗികള്‍ അധിക തുക നല്‍കിയാണ് പരിശോധനകള്‍ നടത്തുന്നത്. ഈ ദുരിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും അധികൃതരും ജനപ്രതിനിധികളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.