08 June, 2020 05:10:14 PM
തൃശൂരില്‍ കോവിഡ് മരണം 3 ആയി; ഇന്ന് മരിച്ചത് മാലദ്വീപില്‍ നിന്ന് കപ്പലില്‍ എത്തിയ യുവാവ്
തൃശൂർ: കോവിഡ് ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിജയരാഘവപുരം അസ്സീസ നഗർ സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി. മാലദ്വീപില്‍ നിന്നെത്തി നോർത്ത് ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. മാലദ്വീപിൽ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഭാര്യ നഴ്സാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി. മൂന്നു വയസ്സുള്ള മകനും ഭാര്യ മാതാവുമായി കുടുംബം മേയ് 10നാണു കപ്പലിൽ കൊച്ചിയിലേക്ക് പുറപ്പെടുന്നത്. മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ ക്വറന്റീനിലായിരുന്ന കുടുംബം പിന്നീടു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്നു നോർത്ത് ചാലക്കുടിയിലെ ഭാര്യയുടെ അടുത്ത ബന്ധുവീട്ടിലായിരുന്നു 4 പേരും.
ഇതിനിടെ, 16ന് അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു അന്നുതന്നെ മറ്റു മൂന്നുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി കദീജക്കുട്ടി (68) നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.