06 June, 2020 03:19:23 PM
വിമാനത്താവളത്തിൽ നിന്ന് മുങ്ങി പിതാവിന്‍റെ സംസ്കാര ചടങ്ങിൽ; കേസ് എടുത്ത് പോലീസ്
ഇരിങ്ങാലക്കുട: വിമാനത്താവളത്തിൽനിന്ന് മുങ്ങി പിതാവിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. കാറളം സ്വദേശിക്കെതിരെയാണ് പകർച്ചവ്യാധി തടയൽ നിയമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കാട്ടൂർ പൊലീസ് കേസെടുത്തത്. അബൂദബിയിൽ നിന്ന് നാട്ടിൽ എത്തിയ ഇയാൾ ക്വാറൻറീനിൽ പോകാതെ മുങ്ങുകയായിരുന്നു.
ജില്ല ഭരണകൂടത്തെയും പഞ്ചായത്തിനെയും ആരോഗ്യ വിഭാഗത്തെയും അറിയിക്കാതെയാണ് വീട്ടിലെത്തി സംസ്കാരചടങ്ങിൽ പങ്കെടുത്തത്. ഇത് സംബന്ധിച്ച കാറളം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. സംഭവത്തെ തുടർന്ന് ഇയാളെയും കുടുംബാംഗങ്ങളെയും ആരോഗ്യ വകുപ്പ് വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.