27 May, 2020 07:31:09 PM
അവിനാശി ബസപകടത്തിൽ മരിച്ച യുവാവിന്‍റെ ഭാര്യ തൂങ്ങി മരിച്ചു
തൃശൂര്‍: തമിഴ്നാട്ടിലെ അവിനാശിയിൽ ബസപകടത്തിൽ മരിച്ച ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിന്‍റെ ഭാര്യ ശ്രീപാർവതി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രീപാർവതിയെ വീട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു ബസ് അപകടം. വിവാഹം കഴിഞ്ഞ് മൂന്നാം മാസമായിരുന്നു ഹനീഷിന്‍റെ മരണം.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹനീഷിന്‍റേയും ശ്രീപാര്‍വതിയുടേയും വിവാഹം. മൂന്നു മാസം മുമ്പായിരുന്നു വിവാഹം. ഹനീഷിന്‍റെ മരണത്തില്‍ ശ്രീപാര്‍വതി ദുഃഖിതയായിരിന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പില്‍ മണികണ്ഠന്‍റെ മകന്‍ ഹനീഷ് നാലുവര്‍ഷമായി ബംഗളൂരുവിലെ ഫനൂഖ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.
സുഹൃത്ത് ശ്യാമിന്‍റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്. വീട്ടിലെത്തി ഭാര്യ ശ്രീപാര്‍വതിയെയും അച്ഛന്‍റെ സഹോദരിയുടെ മകന്‍ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്. മുതുവറ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്‍റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. പക്ഷേ, ഹനീഷ് വീട്ടിലെത്തിയില്ല.
അടാട്ട് സെന്‍ററിലായിരുന്നു ഹനീഷിന്‍റെ കുടുംബം നേരത്തേ താമസിച്ചിരുന്നത്. നാലു മാസം മുമ്പാണ് നിലവില്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് താമസം മാറ്റിയത്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കനായ ഹനീഷ് നാടകത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയ അടാട്ട് പഞ്ചമി തിയെറ്റേഴ്‌സിന്‍റെ 'മാളി' നാടകത്തിന്‍റെ അണിയറപ്രവര്‍ത്തകനായിരുന്നു. ശ്രീപാര്‍വ്വതിയുടെ മൃതദേഹം പൊലീസ് മേൽനടപടികൾക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.