02 May, 2020 09:27:06 PM


ഗ്രീൻ സോൺ ആയാലും തൃശൂരില്‍ നിയന്ത്രണങ്ങള്‍ കർശനമായി തുടരും



തൃശൂർ: ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയെങ്കിലും നിലവിലുളള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഗ്രീൻ സോണിന്റെ ഇളവുകൾ ഒരു അറിയിപ്പിന് ശേഷമായിരിക്കും പ്രാബല്യത്തിൽ വരികയെന്നും ഇതുവരെ തുടർന്ന ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർ മടങ്ങിയെത്തുന്ന സാഹചര്യത്തിലും ഇതര സംസ്ഥാന തൊഴിലാളികളെ മടക്കി അയക്കേണ്ടതിനാലും ബന്ധപ്പെട്ട വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്. 


ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത്. മടങ്ങിവരാൻ ആഗ്രഹിക്കുന്നർക്കുളള രജിസ്‌ട്രേഷൻ നോർക്ക ആരംഭിച്ചിരുന്നു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അതിർത്തികളിൽ പ്രത്യേക സൗകര്യം ഒരുക്കും. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകന് ഇ-പാസ് അനുവദിക്കും. ഇതിനൊപ്പം ക്യൂ ആർ കോഡ് അപേക്ഷകരുടെ മൊബൈലിൽ ലഭിക്കും. യാത്ര സംബന്ധിച്ച നിർദ്ദേശങ്ങളും ഈ സന്ദേശത്തിലുണ്ടാവും.


മടങ്ങിയെത്തുന്നവരുടെ വീടുകളിൽ നിരീക്ഷണസൗകര്യം ഇല്ലാത്തവർ സർക്കാർ ഒരുക്കുന്ന സംവിധാനത്തിൽ കഴിയണം. സ്വന്തം വാഹനങ്ങളിൽ വരുന്നവർ തങ്ങൾക്ക് ലഭിച്ച യാത്രാനുമതി രേഖകൾ പരിശോധനാ കേന്ദ്രങ്ങളിൽ സമർപ്പിക്കണം. കേരള അതിർത്തിയിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ വീടുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരോഗ്യനിർദ്ദേശങ്ങളും പാലിക്കണം. ഇപ്രകാരം ആളെ കൂട്ടാനെത്തുന്നവർ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയും വേണം.


ആരോഗ്യകാരണങ്ങളാൽ മടങ്ങി വരുന്നവർ, ഗർഭിണികൾ, കുട്ടികളിൽ നിന്ന് വേർപിരിഞ്ഞു നിൽക്കുന്നവർ, അഭിമുഖം, സ്‌പോർട്‌സ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവർ എന്നിവർക്കാണ് മടങ്ങിവരുന്നതിന്റെ മുൻഗണന. വാടക നൽകി നിരീക്ഷണത്തിൽ കഴിയാൻ താൽപര്യമുണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കണം. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K