29 April, 2020 09:59:19 AM
നഗരസഭ കൈയൊഴിഞ്ഞു; കോളനിയിൽ കുടിവെള്ളമെത്തിച്ച് പോലീസ്
കുന്നംകുളം : കാണിയാമ്പാൽ നായാടി കോളനിയിൽ കുടിവെള്ളമെത്തിച്ച് കുന്നംകുളം ജനമൈത്രി പോലീസ്. വർഷങ്ങളായി ഇവിടെ മുടങ്ങിക്കിടന്നിരുന്ന കുടിവെള്ള പദ്ധതിയിലാണ് പോലീസിന്റെ ഇടപെടലിൽ കുടിവെള്ളം ലഭ്യമാക്കി കൊടുത്തത്. യുഡിഎഫിലെ മോഹിനി ഷാജൻ കൗൺസിലറായിരിക്കുന്ന നഗരസഭ 18-ാം വാർഡാണ് കാണിയാമ്പൽ നായാടി കോളനി ഉൾപ്പെടുന്ന പ്രദേശം.
ഇവിടെയുള്ള പൊതുകിണറിനോട് ചേർന്ന് ഒരു വർഷം മുൻപ് നഗരസഭയുടെ നേതൃത്വത്തിൽ ഒരു വലിയ ടാങ്ക് സ്ഥാപിച്ചെങ്കിലും ഇതിലേക്ക് വെള്ളം മാത്രം എത്തിയില്ല. വേനൽക്കാലം ആയതോടെ കുടിവെള്ളത്തിനായി വലിയ ദുരിതത്തിലായിരുന്നു ഇവിടെയുള്ള കോളനിയിലെ 54 വീട്ടുകാർ. വാട്ടർ ടാങ്കിൽ വെള്ളം എത്തിക്കണമെന്ന് നിരവധി തവണ പ്രദേശവാസികൾ നഗരസഭയ്ക്ക് നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരം പോയാണ് ഇവർ കുടിവെള്ളം ശേഖരിച്ചിരുന്നത്.
കാണിയാമ്പാൽ നായാടി കോളനിയിലെ ഇത്രയും കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം നേരിട്ട് മനസ്സിലാക്കിയാണ് കുന്നംകുളം ജനമൈത്രി പോലീസ് വിഷയത്തിൽ ഇടപെട്ടത്. കുന്നംകുളം സി ഐ കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെയെത്തി കാര്യങ്ങൾ അന്വേഷിക്കുകയും വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കോളനിയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ടാങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം എത്തിച്ചു നൽകുന്ന പദ്ധതിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ തൃശൂർ ഡിഐജി എസ് സുരേന്ദ്രൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.