09 April, 2020 02:29:31 PM
കുന്നംകുളം ചൂണ്ടലില്‍ ഇന്ധനവുമായി വന്ന ടാങ്കർ റോഡിന് കുറുകെ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
തൃശൂര്‍: സംസ്ഥാന പാതയില്‍ കുന്നംകുളം ചൂണ്ടലില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി റോഡിനു കുറുകെ പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ പെട്ട ടാങ്കറില്‍ നിന്ന് പെട്രോളും ഡീസലും റോഡിൽ ഒഴുകിയത് പ്രദേശവാസികളെ ഭീതിയിലാക്കി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചി ഇരുമ്പനത്തു നിന്നും മലപ്പുറം അരീക്കോടേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. 15000 ലിറ്റർ ഡീസലും 5000 ലിറ്റർ പെട്രോളുമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്.
ടാങ്കറിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി കുന്നത്ത് ചാലിൽ അനസ് ( 32), മലപ്പുറം നെല്ലിപ്പാക്കുന്നത്ത് വിളയിൽ വീട്ടിൽ അഷ്റഫ് (34) എന്നിവർക്ക് പരിക്കേറ്റു. നായ മുന്നില്‍ ചാടിയതോടെ ടാങ്കര്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. റോഡിന്‍റെ നടുവിലായി വീണ ടാങ്കറിൽ നിന്ന് ഇന്ധനം റോഡിൽ ഒഴിഞ്ഞതോടെ കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നമുള്ള അഗ്നിശമനസേന അംഗങ്ങൾ എത്തി റോഡിൽ പരന്ന ഇന്ധനം നിർവീര്യമാക്കി.
കുന്നംകുളം സിഐ കെ ജി സുരേഷ് എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മന്ത്രി എ സി മൊയ്തീൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 4 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.