08 April, 2020 09:01:19 PM


രണ്ടാഴ്ച മുൻപ് അടച്ച കുന്നംകുളം മത്സ്യമാർക്കറ്റിൽ നിന്ന് 1500 കിലോ പഴകിയ മീന്‍ പിടികൂടി



തൃശൂര്‍: കോവിഡ് 19 നെ തുടർന്ന് രണ്ടാഴ്ച മുൻപ് അടച്ച കുന്നംകുളം നഗരസഭയിലെ തുറക്കുളം മത്സ്യമാർക്കറ്റിൽ നിന്ന് വിൽപ്പനക്ക് കൊണ്ടുവന്ന 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധനയിലാണ് 1500 കിലോ ചൂര മീൻ പിടികൂടിയത്. തുടർന്ന് ഇവയെല്ലാം നശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിക്ക് നടത്തിയ പരിശോധനയിലാണ് അഴുകിയ മീൻ കണ്ടെത്തിയത്.


വലിയ കണ്ടെയ്നറുകളിലായി എത്തിയ എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീനുകളാണ് ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കുന്നംകുളം മത്സ്യമാർക്കറ്റിൽ ഇത്രയധികം മീൻ എത്തുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സി എ ജനാർദ്ദനന്റെ നിർദ്ദേശം അനുസരിച്ചാണ് പരിശോധന നടത്തിയത്.


ഇൻസ്പെക്ടർ ലക്ഷ്മണൻ ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മാർക്കറ്റ് അടച്ചിട്ടും ദിവസങ്ങളായി കുന്നംകുളം മാർക്കറ്റിൽ ചെറിയതോതിൽ മത്സ്യകച്ചവടം നടത്തുന്നുണ്ട്. ഈ മീനുകളെല്ലാം ദൂരസ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. മത്സ്യബന്ധനം നിർത്തിവെച്ചതോടെ ദിവസങ്ങളോളം പഴക്കമുള്ള മീനാണ് കുന്നംകുളം മേഖലയിൽ എത്തുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം രണ്ടു പെട്ടി പഴകിയ മീൻ പിടികൂടി നശിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K