07 April, 2020 04:36:59 PM


രാത്രി ബ്ലാക്ക്മാനെ പിടിക്കാന്‍ പുറത്തിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍



തൃശ്ശൂര്‍ : രാത്രി ബ്ലാക്ക്മാനെ തേടിയിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍. ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കല്‍ ശ്രീരാജ് (18), ചട്ടിക്കല്‍ അഭിഷേക് (18), കറുപ്പംവീട്ടില്‍ മുഹമ്മദ് അസ്ലം (23), ആലിക്കല്‍ ശരത് രവീന്ദ്രന്‍ (21), മത്രംകോട്ട്, സുനീഷ് (29), പേരകം മാളിയേക്കല്‍ രാഹുല്‍ രാജ് (20) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ. ഫക്രുദീന്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഭാഗത്താണ് നിരവധി പേര്‍ പുറത്തിറങ്ങിയത്. ബ്ലാക്ക് മാനെക്കുറിച്ച് വാട്‌സാപ്പ് വഴിയും നേരിട്ടുമുള്ള പ്രചാരണത്തെ തുടര്‍ന്നായിരുന്നു ഇത്.


ജില്ലയില്‍ വിവിധ ഭാഗങ്ങളിലാണ് ഇത്തരം പ്രചാരണം നടക്കുന്നത്. കുന്നംകുളം, ചേര്‍പ്പ് ഭാഗങ്ങളിലെല്ലാം ബ്ലാക്ക് മാന്‍ പ്രചാരണം ഉണ്ടായിരുന്നു. നൂറു കണക്കിനാളുകളാണ് ഓരോ സ്ഥലത്തും വിലക്കു ലംഘിച്ച് രാത്രി പുറത്തിറങ്ങുന്നത്. ഇതിനെതിരേ പരിശോധന ശക്തമാക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്നും ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K