06 April, 2020 07:03:00 PM


കോട്ടപ്പുറം ചന്ത ഇനി തിങ്കളാഴ്ചകളില്‍; പച്ചക്കറി വ്യാപാരം രാവിലെ 10 മണി വരെ മാത്രം



തൃശൂര്‍: കോവിഡ് കാലത്തെ സുരക്ഷ മുൻനിർത്തി കോട്ടപ്പുറം ചന്ത ആഴ്ചയിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടപ്പുറം ചന്ത ആഴ്ചയിൽ തിങ്കളാഴ്ച്ച മാത്രമെ നടത്തുവാൻ പാടുള്ളു. വ്യാഴാഴ്ച്ച ചന്ത ഉണ്ടായിരിക്കുകയില്ല. നഗരസഭ ചെയർമാൻ കെ ആർ ജൈത്രന്‍റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.


ചന്ത ദിവസം പച്ചക്കറി വ്യാപാരം രാവിലെ 10 മണി വരെ മാത്രമെ പാടുള്ളു. ഇത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ചന്തയിലേക്ക് പച്ചക്കറി ലോഡുകൾ പ്രവേശിക്കുന്നതും ഇറക്കുന്നതും ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച രാവിലെ 9 മണി വരെ മാത്രമെ അനുവദിക്കു. മററുള്ള ദിവസങ്ങളിൽ ചന്തയിലും പുറത്തും പച്ചക്കറി കച്ചവടം നടത്തുവാൻ പാടില്ല. ഈ വ്യവസ്ഥ ലംഘിച്ചാൽ പച്ചക്കറി പിടിച്ചെടുത്ത് സമൂഹ അടുക്കളയിലേയ്ക്ക് നൽകുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്. പലചരക്ക് വ്യാപാരം എല്ലാ ദിവസവും രാവിലെ 7 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12ന് അവസാനിപ്പിക്കണം.


പലചരക്ക് ലോഡുകൾ ചന്തയിലേയ്ക്ക് പ്രവേശിക്കുന്നതും ഇറക്കുന്നതും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ 12 വരെ മാത്രമായിരിക്കും.വ്യാപാരികൾ കടകളിൽ വില നിലവാരം എഴുതി പ്രദർശിപ്പിക്കണം. എല്ലാവരും ശാരീരിക അകലവും ബ്രേക്ക് ദി ചെയിൻ സംബന്ധിച്ച നിബന്ധനകളും കർശനമായി പാലിക്കണം. ചന്ത ദിവസം വാഹനങ്ങൾ പ്രവേശിക്കുന്നത് നേരത്തെ തീരുമാനിച്ചതു പോലെ കിഴക്കുഭാഗത്തു കൂടെ വന്ന് വൺവെ പാലിച്ച് പടിഞ്ഞാറെ വഴിയിലൂടെ പോകണം.


സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചന്തകളിൽ ഒന്നായ കോട്ടപ്പുറം ചന്തയിൽ അനുഭവപ്പെടുന്ന അഭൂതപൂർവ്വമായ തിക്കും തിരക്കും കണക്കിലെടുത്തും ചന്തയിലേയ്ക്ക് ചരക്കുകൾ വരുന്നത് തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാകയാലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചുമാാണ് കർശന തീരുമാനം എടുക്കുന്നത് എന്ന് ചെയർമാൻ അറിയിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ എസ് കൈസാബ്, സി.കെ.രാമനാഥൻ, നഗരസഭ സെക്രട്ടറി അഡ്വ.ടി. കെ.സുജിത്, തഹസിൽദാർ കെ. രേവ, സബ് ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു, അസി: താലൂക്ക് സപ്ലൈ ഓഫീസർ പ്രിയ.സി.ശങ്കർ, വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K