15 March, 2020 07:57:04 PM
ബ്രിട്ടീഷ് പൗരൻ തങ്ങിയ ചെറുതുരുത്തിയിലെ റിസോർട്ടും ബാറും അടച്ചു പൂട്ടി
തൃശ്ശൂർ : കോവിഡ് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് അടച്ചു പൂട്ടി. റിസോർട്ടിനോട് ചേർന്നുള്ള ബാറും ആരോഗ്യവകുപ്പ് പൂട്ടിച്ചു. മാർച്ച് 8, 9, 10 ദിവസങ്ങളിലാണ് ബ്രിട്ടീഷ് പൗരനും ഭാര്യയും തൃശൂരിൽ തങ്ങിയത്. റിസോർട്ടിലെ ജീവനക്കാരായ അമ്പത് പേരെ കരുതൽ നിരീക്ഷണത്തിലാക്കി. റിസോർട്ടിൽ താമസിച്ചവരെ കണ്ടെത്താൻ ശ്രമിക്കുന്നു.
വിദേശികൾ എത്തിയാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിർദ്ദേശം റിസോർട്ട് ഉടമ പാലിക്കാത്തതാണ് പ്രശ്നമായത്. പാലിച്ചിരുന്നെങ്കിൽ അന്ന് തന്നെ ഇയാളെ നിരീക്ഷണത്തിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മൂന്ന് ദിവസം തൃശൂരിൽ തുടർന്ന രോഗബാധിതൻ അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദർശിച്ചു. ഇയാൾ റെസ്റ്റോറൻ്റുകളിലും പോയതായാണ് വിവരം. ബ്രിട്ടീഷ് പൗരൻ്റ തൃശ്ശൂർ ജില്ലയിലെ സഞ്ചാര പാത നാളെ തയ്യാറാക്കും.