16 February, 2020 11:29:03 PM
തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ: മൂന്ന് വനപാലകര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകര്‍ മരിച്ചു. ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ വാഴച്ചാല്‍ ആദിവാസി കോളനി നിവാസി കെ.വി.ദിവാകരന്‍ (43), താത്ക്കാലിക വാച്ചര്‍മാരായ എരുമപ്പെട്ടി കൊടുമ്പ് എടവണ വളപ്പില്‍ എം.കെ. വേലായുധന്‍ (55), കൊടുമ്പ് ചാത്തന്‍ചിറ കോളനിയില്‍ വട്ടപ്പറമ്പില്‍ ശങ്കരന്‍ (55) എന്നിവരാണ് മരിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
വേലായുധനും ദിവാകരനും സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ശങ്കരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.