05 February, 2020 04:14:59 PM
കൊറോണ നിരീക്ഷണം: വിവാഹച്ചടങ്ങിൽ നിന്ന് വിട്ടുനിന്ന് വരൻ; സത്കാരം നടന്നു
തൃശ്ശൂർ: കൊറോണ നിരീക്ഷണത്തിലായിരുന്നതിനാൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാകാതെ വരൻ. ചൈനയിൽ നിന്നെത്തിയ തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവാണ് കൊറോണ ഭീതിയിൽ നിരീക്ഷണത്തിലായതിനെ തുടർന്ന് സ്വന്തം വിവാഹച്ചടങ്ങിൽ നിന്നും ഒഴിഞ്ഞു നിന്നത്. ആഭരണങ്ങളും അലങ്കാരങ്ങളുമായി വധുവും മറ്റ് ബന്ധുക്കളും ഓഡിറ്റോറയത്തിലെത്തി വിവാഹസത്കാരം നടത്തി.
കല്യാണത്തിനായി ഒരാഴ്ച മുൻപാണ് യുവാവ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്നലെയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിരീക്ഷണത്തിലായിരുന്ന വരനോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ചൈനയിൽ നിന്നെത്തിയവർ മുപ്പതു ദിവസത്തോളം പൊതുചടങ്ങുകളിൽ പങ്കെടുക്കരുതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം. വിവാഹം പോലുള്ള ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നീട്ടി വയ്ക്കുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രി തന്നെ പല അവസരങ്ങളിലും വ്യക്തമാക്കിയിരുന്നു.
എരുമപ്പെട്ടിയിലെ വിവാഹ വിവരം അറിഞ്ഞ് തഹസിൽദാറും വില്ലേജ് ഓഫീസറും വരന്‍റെ വീട്ടിലെത്തി ചടങ്ങിൽ പങ്കെടുക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു. നിരീക്ഷണ കാലം കഴിഞ്ഞ ശേഷം ചടങ്ങുകൾ പൂർണ്ണമായി നടത്തും.