03 February, 2020 11:10:10 PM


കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം



തൃശൂർ: കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം. പൗരത്വ നിയമത്തെ അനുകൂലിച്ച് പരിപാടിയിൽ പങ്കെടുത്തവർക്ക് നേരെയാണ്  ആക്രമണമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൊടുങ്ങലൂരിലെ എടവിലങ് താണ്ടാംകുളം ആല പ്രദേശങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടിയത്. എടവിലങ് പഞ്ചായത്ത് അംഗം സുരേഷ് ബാബു, അനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുടെ വാഹനങ്ങൾക്ക് തീവച്ചു. രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് അഗ്നിക്കിരയാക്കിയത്. വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. വൻദുരന്തം നാലനാരിഴയ്ക്ക് വഴിമാറുകയായിരുന്നു.  


ശ്രീനാരായണപുരം ആല കളരിപ്പറമ്പിൽ മരണാനന്തര സംഘത്തിന്‍റെ ഓഫീസും അഗ്നിക്കിരയാക്കി. ദിവസങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂരിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാവ് വത്സൻ തില്ലങ്കേരിക്ക് താമസസൌകര്യമൊരുക്കിയ വീട്ടിലും ആക്രമണമുണ്ടായി. ആക്രമണം ആസൂത്രിതമാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരെ ചന്ദ്രശേഖർ ആസാദിനെ പങ്കെടുപ്പിച്ചുകൊണ്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വ്യാപകവുമായ ആക്രമണം ഉണ്ടായതെന്ന് ബിജെപി ആരോപിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K