29 January, 2020 07:07:09 AM
റാണ മണത്തറിഞ്ഞു: കണ്ടെത്തിയത് മണ്ണിൽ കുഴിച്ചിട്ട രണ്ട് ലക്ഷം രൂപയുടെ ലഹരിമരുന്ന്
തൃശൂർ: മണ്ണിനടിയിൽ കുഴിച്ചിട്ട 2 ലക്ഷം രൂപയുടെ ലഹരിമരുന്ന് പൊലീസ് നായ മണത്തു കണ്ടുപിടിച്ചു. 360 ഗ്രാം ചരസ് ആണ് റൂറൽ പൊലീസ് ഡോഗ് സ്ക്വാഡിലെ നർകോട്ടിക് സ്നിഫർ ഡോഗ് ആയ റാണ പിടികൂടിയത്. വടൂക്കര കൃഷ്ണപിള്ള നഗറിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇക്ബാലിന്റെ (34) വീടിന്റെ പുറകിലെ മതിലിനോടു ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു ചരസ്.
ഇയാളെയും കൂട്ടാളികളായ പൊന്നാനി വെളിയംകോട് വലിയപുരയ്ക്കൽ മുഹമ്മദ് ഇക്ബാൽ (26), ഒളരി വഴിപറമ്പൻ വീട്ടിൽ ഡെൻ സോറസ് (22) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 24ന് മുഹമ്മദ് ഇക്ബാലിന്റെയും സംഘത്തിന്റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. വീട്ടിൽ ലഹരിവസ്തു സൂക്ഷിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റാണയെ ഉപയോഗിച്ചാണു നെടുപുഴ പൊലീസ് പരിശോധന നടത്തിയത്.
മണംപിടിച്ചെത്തിയശേഷം മണ്ണുമാന്തിയ നായ, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച ചരസ് കണ്ടെത്തുകയായിരുന്നു. ഡോബർമാൻ ഇനത്തിൽപ്പെട്ട രണ്ടര വയസ്സുകാരനാണ് റാണ. നെടുപുഴ സിഐ എ.വി. ബിജു, എസ്ഐ കെ. സതീഷ്കുമാർ, എഎസ്ഐ സതീശൻ, സീനിയർ സിപിഒ ടോണി,തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.