27 January, 2020 10:33:37 AM
പെണ്‍കുട്ടികളെ ഹെല്‍മറ്റിന്‍റെ സുരക്ഷയിൽ കയറിപ്പിടിക്കുന്ന യുവാവ് തൃശൂരിൽ കുടുങ്ങി
തൃശൂര്‍ : വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ ഹെല്‍മറ്റിന്റെ സുരക്ഷയില്‍ നിരന്തരമായി അപമാനിച്ച യുവാവ് അവസാനം പിടിയിലായി. യുവാവിനെ കുടുക്കിയതും ആ ഹെല്‍മറ്റ് തന്നെ. അതിരാവിലെ വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളാണ് ഇയാളുടെ അപമാനത്തിന് ഇരയായിരുന്നത്. ബൈക്കുമായി പെണ്‍കുട്ടികളുടെ അടുത്തെത്തി അപമാനിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ദേഹോപദ്രവേല്പിച്ച് ബൈക്കില്‍ രക്ഷപ്പെടുകയുമാണ് യുവാവിന്റെ രീതി.
കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതല്‍. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെണ്‍കുട്ടികളും ആരാധാനാലയങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികളും യുവാവിന്റെ ഇരകളായി. പൊലീസിനു മുമ്പില്‍ പരാതി എത്തിയതോടെ ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പെണ്‍കുട്ടികളിൽ നിന്ന് മൊഴിയെടുത്തു.
പെണ്‍കുട്ടികള്‍ ബൈക്കിന്‍റെ നമ്പര്‍ ശ്രദ്ധിച്ചില്ലെങ്കിലും യുവാവ് ധരിച്ചിരുന്ന ഹെല്‍മറ്റിനെക്കുറിച്ച് സൂചിപ്പിച്ചു. കറുത്ത നിറമുള്ള ചുവപ്പു ഡിസൈനുള്ള ഹെല്‍മറ്റായിരുന്നു അത്. തുടര്‍ന്ന് കറുപ്പില്‍ പ്രത്യേക ഡിസൈനുള്ള ഹെല്‍മറ്റ് തേടിയായി പൊലീസിന്റെ യാത്ര. അന്വേഷണം നടക്കുന്നതിനിടെയും പെണ്‍കുട്ടികളോടുള്ള ഉപദ്രവം തുടര്‍ന്നു. ഇതിനിടെ, ഒരു സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തിൽ ബൈക്ക് യാത്രക്കാരന്റെ ഹെല്‍മറ്റിലെ ചുവന്ന അടയാളം ലഭിച്ചു. ആ ചിത്രം ചാലക്കുടിയിലെ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.
ഒരു ദിവസം പൊലീസുകാര്‍ പ്രഭാത സവാരിയ്ക്കായി ചാലക്കുടിയില്‍ നടക്കുന്നതിനിടെ ആ ഹെല്‍മറ്റുമായി ഒരു ബൈക്ക് യാത്രക്കാരന്‍ പോകുന്നു. അതുവഴി വന്ന ബൈക്കില്‍ കയറി ഹെല്‍മറ്റുകാരനെ പിന്‍തുടര്‍ന്നു ആ ഹെല്‍മറ്റ് ധരിച്ച വ്യക്തി ചെന്നതാകട്ടെ കോഴിഫാമില്‍. കോഴിത്തീറ്റയുടെ കാശു വാങ്ങാന്‍ വന്ന തിരുനെല്‍വേലിക്കാരന്‍ ശിവകുമാറായിരുന്നു അത്. ഇയാള ചോദ്യംചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ബൈക്കും ഹെല്‍മറ്റും കാണിച്ചു കൊടുത്തതോടെ കുറ്റസമ്മതത്തിലേക്ക് നീങ്ങി കാര്യങ്ങൾ.
ശിവകുമാറിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചതിൽ സംഭവ സമയത്തെല്ലാം ശിവകുമാറിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞു. തുടര്‍ന്ന് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എത്തി പെണ്‍കുട്ടികളെ ഉപദ്രവിച്ചാല്‍ അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ കണക്കുകൂട്ടല്‍. തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയ പ്രത്യേക ഡിസൈനുള്ള ഹെല്‍മറ്റ് ആളുകളുടെ കണ്ണില്‍ ഉടക്കിയതായിരുന്നു വഴിത്തിരിവ്.