26 January, 2020 03:15:43 PM


ടോൾ പ്ലാസയിൽ ട്രാക്ക് തെറ്റിച്ചു കയറിയ ദമ്പതികളെ കയ്യേറ്റം ചെയ്തു; ഫോണ്‍ തകര്‍ത്തു




തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ട്രാക്ക് തെറ്റിച്ചു കയറിയ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു നേരെ ജീവനക്കാരുടെ കയ്യേറ്റവും അസഭ്യവർഷവും. പരുക്കേറ്റ ദമ്പതിമാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നെന്മണിക്കര വെളിയത്തുപറമ്പിൽ വിമൽ (40), ഭാര്യ തനൂജ (37) എന്നിവർക്കാണു പരുക്കേറ്റത്. വിമലിന്റെ മൊബൈലും എറിഞ്ഞുടച്ചതായാണു പരാതി.


നടത്തറ പഞ്ചായത്തിൽ വിഇഒയായ ഭാര്യയെ ഓഫീസിലാക്കാൻ പാലിയേക്കരയിലൂടെ കടന്നു പോവുകയായിരുന്നു വിമൽ. വാഹനക്കുരുക്കിൽപെട്ടതോടെ ഒഴിഞ്ഞു കിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നതാണു പ്രശ്നത്തിനു കാരണം. മുന്നിൽ പോയിരുന്ന ഇരുചക്ര വാഹനങ്ങൾക്കു പിന്നാലെ ഫാസ്ടാഗ് ട്രാക്കിൽ കടന്നതായിരുന്നു ഇവർ. ട്രാക്ക് തെറ്റിച്ചു വരുന്നവരെയെല്ലാം ടോൾ ബൂത്തിനു സമീപത്തു നിന്ന ജീവനക്കാരൻ അസഭ്യം പറഞ്ഞിരുന്നുവെന്നു വിമൽ പറയുന്നു.സ്കൂട്ടറിനു പിന്നിലിരുന്ന തനൂജയെ വലിച്ചിറക്കാനായി ജീവനക്കാരുടെ ശ്രമം.


ഇത് ചോദ്യം ചെയ്തതോടെ അസഭ്യ വർഷമായി. തുടർന്നു വാക്കേറ്റവും കയ്യേറ്റവും നടന്നു. ടോൾ പ്ലാസയിലെ കൂടുതൽ ജീവനക്കാരും നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈക്കും തോളെല്ലിനും പരുക്കേറ്റു. ടോൾ ജീവനക്കാരൻ വിമലിന്റെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തു. തുടർന്നു നാട്ടുകാർത്തന്നെ വിമലിനേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം, വിമൽ ഹെൽമറ്റുകൊണ്ട് അടിച്ചുവെന്നാരോപിച്ചു ടോൾ പ്ലാസയിലെ ജീവനക്കാരനും ചികിത്സ തേടി. ഇവരുടെ പരാതിയിൽ ദമ്പതിമാർക്കെതിരെയും പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K