16 January, 2020 07:13:51 PM
കിണറുകളിൽ പെട്രോള്‍: പെരുമ്പിലാവിലെ പെട്രോള്‍ പമ്പ് അടച്ചിടാൻ കളക്ടറുടെ നിർദ്ദേശം
കുന്നംകുളം: കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ കണക്കകോളനിയിലെ കിണറുകളിൽ പെട്രോളിന്‍റെ അംശം ഉണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടർ എസ് ഷാനവാസ് വ്യാഴാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. പെട്രോൾ പമ്പിലേയും കിണർ പരിശോധിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് വെള്ളം കഴിഞ്ഞ ദിവസം പരിശോധനക്ക് കൊണ്ടുപോയിരുന്നത്.
പമ്പ് അടച്ചിടാനും പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുവാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് പമ്പ് അടച്ചിടാൻ നോട്ടീസ് നൽകുമെന്ന് കളക്ടർ വ്യക്തമാക്കി. കളക്ടർക്കൊപ്പം സംസ്ഥാന മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരും, വില്ലേജ് അധികൃതരും ജനപ്രതിനിധികൾ സമരസമിതി നേതാക്കളും ഉണ്ടായിരുന്നു. പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനും ആരോഗ്യ ക്യാമ്പ് നടത്തുവാനും പഞ്ചായത്തംഗങ്ങളായ കെ.ആർ രെജിൽ, കെ.എ ശിവരാമൻ, പ്രഭാത് മുല്ലപ്പിള്ളി, സമരസമിതി നേതാക്കളായ കമറുദ്ദീൻ പെരുമ്പിലാവ്, എം.എൻ സലാഹു എം.എ കമറുദീൻ, ആഷിഖ് കാദരി എന്നിവർ കളക്ടറോട് ആവശ്യപ്പെട്ടു.
കടവല്ലൂർ പഞ്ചായത്തിലെ 14-ാം വാർഡിലാണ് കണക്കകോളനി. പെരുമ്പിലാവ് പ്രദേശവാസികളാണ് സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ ചോർന്ന് കിണറുകളിൽ എത്തുന്നതായി പരാതിപ്പെട്ടിരുന്നത്. അമ്പതോളം കുടുംബങ്ങളിലെ കിണറുകളിലാണ് മഞ്ഞപ്പാടയും, കുമിളകളും ദുർഗന്ധവും പുളിരസവും അനുഭവപ്പെട്ട് വെള്ളം മലിനമായിരിക്കുന്നത്. വെള്ളത്തിൽ പെട്രോളിന്‍റെ അംശമുള്ളതിനാൽ കുടിക്കുവാനോ, ഭക്ഷണം പാകം ചെയ്യാനോ, കുളിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ്.