14 January, 2020 09:17:57 AM
കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി അച്ഛനും മക്കളും ഉള്‍പ്പെടെ 4 പേര് മരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുട കൊറ്റനെല്ലൂരില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലു പേര് മരിച്ചു. കൊറ്റനെല്ലൂർ പള്ളിക്കടുത്ത് പേരാമ്പുള്ളി ശങ്കരൻ മകൻ സുബ്രൻ (56), മകൾ പ്രജിത (23), കണ്ണന്തറ ബാബു (58), മകൻ വിബിൻ (28) എന്നിവരാണ് മരിച്ചത്.
ഇന്നലെ അർധരാത്രിക്കു ശേഷമായിരുന്നു അപകടം. തുമ്പുർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഇവർ മടങ്ങുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമ്പുർ വെള്ളാങ്ങല്ലൂർ റോഡിൽ കോണ്‍ഗ്രസ് ഓഫീസിന് സമീപമായിരുന്നു അപകടം. വെളളാങ്ങല്ലൂർ ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണംവിട്ട് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും സു ബ്രനും ബാബുവും വിബിനും രാത്രി തന്നെ മരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രജിത പുലർച്ചെയാണ് മരിച്ചത്. അപകടത്തെ തുടർന്ന് നിറുത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൈങ്ങോട്-വള്ളിവട്ടം സ്വദേശികളായ നാല് ചെറുപ്പക്കാരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.