28 December, 2019 04:14:02 PM
'ആരോ കൂടോത്രം ചെയ്തിട്ടുണ്ട്'; പരാതി പറഞ്ഞ പിന്നാലെ പൊലീസ് സ്റ്റേഷനില്‍ വീണ് മരിച്ചു
തൃശൂർ: "എനിക്കെതിരെ ആരോ കൂടോത്രം ചെയ്തിട്ടുണ്ട്. അതാണ് എനിക്ക് വയ്യാതാകുന്നതിന് കാരണം. ഇടക്കിടെ നെഞ്ചുവേദന വരണുണ്ട് സാർ" - പരാതി പറഞ്ഞുതീരും മുമ്പേ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് വയോധികന്‍ മരിച്ചു. അയ്യന്തോൾ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച പുലർച്ചെ 2.30യോടെയാണ് സംഭവം. പുതൂർക്കര നിസരി ലൈനിൽ താമസക്കാരനായ ആലപ്പാടൻ വീട്ടിൽ ആന്‍റണി (55) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുലർച്ചെ സ്റ്റേഷനിൽ ലുങ്കി മാത്രം ധരിച്ച് നേരിട്ടെത്തിയ ഇയാൾ ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥരോട് അസ്വാഭിവകതയോടെ സംസാരിച്ചു. വീടും പാതിരാത്രിയിലെ വരവിന്‍റെ ഉദ്ദേശ്യവും പൊലീസ് ചോദിച്ചു. മറുപടിയിൽ മാനസിക നില തെറ്റിയവരുടേതുപോലെയുള്ള ഇടപെടലും ചേഷ്ടയും തോന്നി. പന്തികേട് മനസ്സിലാക്കിയുടൻ പൊലീസ് അവിടെ ഇരിക്കാൻ പറഞ്ഞു. എന്നാല്‍ കൂടോത്രത്തെ കുറിച്ച് പറഞ്ഞയുടനെ പൊലീസ് സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്കിലേക്ക് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ഡ്യൂട്ടിയിലെ പൊലീസുകാർ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2.50 ന് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രക്തസമ്മർദ്ദം വർധിച്ചതിനെതുടർന്ന് ശരീരം തളർന്നതിനാൽ ആറുവർഷക്കാലമായി ചികിത്സചെയ്തുവരുന്നയാളെന്നും, മൂന്നു വർഷക്കാലമായി മാനസികരോഗ ചികിത്സ ചെയ്തു വരുന്നയാളെന്നുമെന്നും അന്വേഷണത്തിൽ അറിയാനായി.
വീടിന് പുറത്തുള്ള മുറിയിൽ കഴിയുന്ന ആന്റണി വീട്ടുകാരറിയാതെ രാത്രി ഇറങ്ങി നടക്കുകയായിരുന്നു. ഭാര്യ എൽസി, മക്കൾ അഖിൽ ആന്റണി, അമൽ ആന്റണി. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് എസിപി ഡിസിആർബി പി എ ശിവദാസന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹം ആർഡിഒ ഇൻക്വസ്റ്റ് നടത്തി വീട്ടുകാർക്ക് വിട്ടു നൽകി.