18 December, 2019 10:30:47 PM
വൃദ്ധസദനത്തില്‍ താലികെട്ട്: 66കാരി അമ്മാളു അമ്മയ്ക്ക് വരൻ 67കാരൻ കൊച്ചനിയന്‍ ചേട്ടൻ
തൃശൂർ: സര്‍ക്കാർ അഗതിമന്ദിരത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്‍റെയും ലക്ഷ്മി അമ്മാളുഅമ്മയുടേയും വിവാഹമാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേലാണ് ഇവരുടെ വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയത്. ഇരുവരുടെയും വിവാഹകാര്യം ഫേസ്ബുക്കില്‍ കുറിച്ച ജോണ്‍ അഭ്യുദയകാംക്ഷികളെ ഈ മംഗളകര്‍മ്മത്തിലേക്ക് ക്ഷണിക്കുക കൂടി ചെയ്യുന്നു.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവര്‍മ്മപുരത്തെ വൃദ്ധസദനവുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് ജോണ്‍ ഡാനിയേല്‍ പറയുന്നു. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാരിന്റെ അഗതിമന്ദിരത്തില്‍ കഴിയേണ്ടിവന്നവരുടെ കഥകള്‍ പറഞ്ഞതോടൊപ്പമാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം സൂപ്രണ്ട് ജോണിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ജോണ്‍ ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
''ഇവരുടെ വിവാഹമാണ് വരണം . .
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവര്‍മ്മപുരത്തെ വൃദ്ധസദനവുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടു സര്‍ക്കാരിന്റെ അഗതിമന്ദിരത്തില്‍ കഴിയേണ്ടിവരുന്ന അച്ഛന്‍മാരോടും അമ്മമാരോടൊപ്പം ഒരുമിച്ചിരിക്കാനുള്ള അവസരമായി കണ്ടു പോകുന്നതിനിടയിലാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം വൃദ്ധസദനം സൂപ്രണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. ആ കഥ ഇങ്ങനെ, ലക്ഷ്മി അമ്മാളുവിന്റെ ഭര്‍ത്താവായിരുന്ന ജികെ കൃഷ്ണയ്യരുടെ സഹായിയായിരുന്നു രാമവര്‍മ്മപുരം വൃദ്ധസദനത്തിലെ ഇപ്പോഴത്തെ താമസക്കാരനായ കൊച്ചനിയന്‍ ചേട്ടന്‍. ലക്ഷ്മിഅമ്മാളു അമ്മ കൃഷ്ണയ്യരുടെ ഭാര്യയും. പിന്നീട് കൃഷ്ണയ്യരുടെ മരണത്തിനുശേഷം സഹായിയായിരുന്ന കൊച്ചനിയന്‍ ചേട്ടന്‍ നാടുവിട്ടു പോയി. ഭര്‍ത്താവായിരുന്ന കൃഷ്ണയ്യരുടെ മരണത്തിനുശേഷം കൃഷ്ണഅമ്മാളുഅമ്മ വൃദ്ധസദനത്തിലും എത്തി. കറങ്ങിത്തിരിഞ്ഞ് കൊച്ചനിയന്‍ ചേട്ടനും രാമവര്‍മ്മപുരത്ത് എത്തിപ്പെട്ടു.
ഇനിയാണ് കഥ ശരിക്കും തുടങ്ങുന്നത്. നേരില്‍ കണ്ടപ്പോഴാണ് രണ്ടുപേരുടെയും മനസ്സില്‍ അടക്കി വെച്ചിരുന്ന പ്രണയമണിതൂവലുകള്‍ ചിറകു വിരിച്ചത്. അങ്ങനെയെങ്കില്‍ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടേയും ഒരുമിക്കാനുള്ള തീരുമാനത്തിന് സര്‍വ്വ പിന്തുണയും നല്‍കി. രണ്ടുപേരോടും വിവരം പറഞ്ഞു സന്തോഷവര്‍ത്തമാനം കേട്ട് രണ്ടു പേരും ഹാപ്പി. ഇത്തരമൊരു നീക്കത്തിന് തടസ്സം ആയേക്കാവുന്ന സര്‍ക്കാര്‍ നൂലാമാലകളെ കുറിച്ച് ആലോചിക്കാതെ ആയിരുന്നു എന്റെ എടുത്തുചാട്ടം എന്ന് പിന്നീട് മനസ്സിലായി. ഇത്തരത്തില്‍ വൃദ്ധസദനത്തില്‍ കഴിയുന്നവര്‍ക്ക് വിവാഹം കഴിക്കാമെന്ന ഉത്തരവ് ഇല്ലെന്ന് ചില ദോഷൈകദൃക്കുകള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കല്യാണത്തിന്റെ സാധ്യതകളെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. സൂപ്രണ്ടിനോട് പഴയ സര്‍ക്കാര്‍ ഉത്തരവുകളും പരാമര്‍ശങ്ങളോ തപ്പിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് സൂപ്രണ്ട്. എങ്കില്‍ വല്ല സര്‍ക്കാര്‍ പരാമര്‍ശങ്ങളോ കത്തോ ഉണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു. മനസ്സില്‍ ഒരു ഇച്ഛാഭംഗം ഉരുണ്ടുകൂടിയ സമയമായിരുന്നു അത്. രണ്ടുപേരോടും വാക്കും പറഞ്ഞു ഇനി കാര്യം നടക്കാതായല്‍ കൊച്ചനിയന്‍ ചേട്ടനും ലക്ഷ്മി അമ്മാളുവിനും ഉണ്ടായേക്കാവുന്ന വിഷമത്തെ കുറിച്ചാലോചിച്ച് ടെന്‍ഷനുമായി ഇരിക്കുമ്പോഴാണ് സൂപ്രണ്ടിനോട് വീണ്ടും ചോദിച്ചത് ഒരു കച്ചിത്തുരുമ്പ് എങ്കിലും ഉണ്ടോ സൂപ്രണ്ടേ ഒന്ന് ആലോചിക്കൂ ഒരു പരാമര്‍ശം എങ്കിലും. അതില്‍ സൂപ്രണ്ടിന്റെ ചിന്ത ഒന്ന് ഉടക്കി പുള്ളി പറഞ്ഞു ഉണ്ട് സാര്‍ ഒരു യോഗത്തിന്റെ മിനിറ്റ്‌സ് ഉണ്ട്. അങ്ങനെയെങ്കില്‍ ഏത് പാതാളത്തില്‍ പോയാലും ശരി അത് തപ്പിനോക്കാന്‍ പറഞ്ഞു. അങ്ങനെ സാധനം കിട്ടി രസകരമാണ് അതിന്റെ കാര്യം, ഇക്കൊല്ലം എട്ടാം മാസത്തില്‍ സെക്രട്ടറിയേറ്റില്‍ കൂടിയ അഗതി മന്ദിരങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗത്തിന്റെ മിനുട്‌സ്. ഗവണ്‍മെന്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മിനിറ്റില്‍ ഒരു പരാമര്‍ശം ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. താമസക്കാരില്‍ നിയമപരമായി വിവാഹം കഴിച്ച് താമസിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം നല്‍കേണ്ടതാണ്. മിനിറ്റ്‌സ് തപ്പിയെടുത്തപ്പോള്‍ ആശ്വാസമായോ ശ്വാസം നേരെ വീണോ എന്നത് നിങ്ങള്‍ക്ക് വിടുന്നു.(മിനുട്‌സ് കമ്മന്റ് ബോക്‌സില്‍)
ഇനി വലിച്ചു നീട്ടുന്നില്ല. കഴിഞ്ഞ ദിവസം കൂടിയ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അജണ്ടയായി കാര്യം അവതരിപ്പിച്ചു (സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ അത് അങ്ങനെതന്നെ). അപ്പോഴതാ ചെറിയ മുറുമുറുപ്പ് ആരുടെ ഭാഗത്ത് നിന്നാണ് എന്നല്ലേ, വൃദ്ധസദനത്തിലെ ഒന്നുരണ്ട് അച്ഛനമ്മമാരില്‍ നിന്നായിരുന്നു അത് സംഗതി പിടികിട്ടിയതിനാല്‍ ഉടന്‍ പ്രതിവിധി മുന്നോട്ടുവെച്ചു. വൃദ്ധസദനത്തിലെ ഏതെങ്കിലും താമസക്കാര്‍ക്ക് പരസ്പരം കല്യാണം കഴിക്കാന്‍ തോന്നിയാല്‍ എന്നോട് നേരിട്ടോ രഹസ്യമായോ അറിയിക്കാം കല്യാണം നടത്തി തരുന്നതായിരിക്കും ചിലരുടെ മനസ്സില്‍ ലഡ്ഡു പൊട്ടി എന്ന് മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി. അങ്ങനെ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടെയും കല്യാണം അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. ഇനി വിവാഹത്തിനുള്ള ഒരുക്കമാണ് ബന്ധുക്കളെ ക്ഷണിക്കണം ബന്ധുക്കളെന്ന് പറഞ്ഞാല്‍ നമ്മുടെ ജില്ലാ കളക്ടര്‍, പിന്നെ നമ്മുടെ മന്ത്രി, നമ്മുടെ എംപി. താലിമാല വൃദ്ധസദനത്തിലെ താമസക്കാരുടെ വക. രാമവര്‍മപുരം വൃദ്ധസദനത്തില്‍ തന്നെ വിവാഹമണ്ഡപം (മണിയറയും) അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ താമസക്കാര്‍ തമ്മില്‍ വിവാഹിതരാവുന്നു. (അങ്ങനെയെന്ന് കരുതുന്നു) ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു വധൂവരന്മാര്‍ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ അങ്ങനെ ആവശ്യമായതെന്തും.
ബാക്കിയുണ്ടായിരുന്നത് നിങ്ങള്‍ക്കുള്ള ക്ഷണമാണ്. ഈ മാസം 30ന് കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടെയും വിവാഹമാണ്. സ്ഥലം: തൃശൂര്‍ രാമവര്‍മപുരം. വേദി: സര്‍ക്കാര്‍ വൃദ്ധസദനം എല്ലാവരും വരണം ക്രിസ്തുമസ് ന്യൂ ഇയര്‍ തിരക്കുകളൊക്കെ കാണും എല്ലാവര്‍ക്കും എന്നാലും കുറച്ച് സമയം മാറ്റി വയ്ക്കണം. നമുക്കൊന്നിച്ച് ഇവരുടെ വിവാഹം കെങ്കേമാക്കാം അപ്പൊള്‍ ശരി ഈ മാസം 30. SAVE THE DATE''