02 December, 2019 11:05:21 AM
കഷ്ടപ്പാട് പാതിയകലുന്നു; കുതിരാൻ തുരങ്കത്തിന്റെ ഒരു വശം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ നിര്‍ദ്ദേശം
തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത ഭാഗികമായി തുറക്കുന്നു. വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ ഒരുവശം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് അംഗം പി കെ പാണ്ഡെയെ മന്ത്രി ചുമതലപ്പെടുത്തി. 90 ശതമനം നിർമ്മണം പൂർത്തിയായ ഒരു തുരങ്കമാണ് ഉടൻ തുറക്കുക. തുരങ്കപ്പാതയിലെ രണ്ടാമത്തെ പാത നിർമാണം പൂർത്തിയാകുന്ന മുറയ്ക്കും തുറന്നു നൽകും. ഇതോടെ ഈ റൂട്ടിലെ ഗതാഗതതടസത്തിന് പാതി ആശ്വാസമാകും.
ദേശീയ പാത 544ലെ മണ്ണുത്തി വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടി എന്‍ പ്രതാപന് എംപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ണൂത്തി ദേശീയപാതയുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേ ശക്തമായ പ്രതിഷേധം അടുത്തിടെ ഉണ്ടായിരുന്നു. കുതിരാനിൽ വലിയ ഗതാഗതക്കുരുക്കും പതിവാണ്. നിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതിയാണ് ഉയർന്നത്. ഇതോടെയാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിയെ സമീപിച്ചത്.