30 November, 2019 08:08:21 AM
തൃശൂർ വാണിയംപാറയിലും പെരിഞ്ഞനത്തും വാഹനാപകടം; ദമ്പതികള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു
തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ ദമ്പതികള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു. തൃശൂർ വാണിയംപാറയിലും പെരിഞ്ഞനത്തുമാണ് അപകടങ്ങൾ ഉണ്ടായത്. ദേശീയ പാതയിൽ വാണിയമ്പാറയിൽ കാർ കുളത്തിൽ വീണാണ് ദമ്പതികൾ മരിച്ചത്. തൃപ്പൂണിത്തുറ ഏലൂർ സ്വദേശികളായ ബെന്നി ജോർജ്(52) ഭാര്യ ഷീല(50) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം. ദക്ഷിണ മേഖല റോട്ടറി ക്ലബിന്റെ മീറ്റിംഗ് കഴിഞ്ഞ് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ഇവർ. ദമ്പതികളുടെ സുഹൃത്തായ ശശി കർത്തയാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവരുടെ മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. പുലർച്ചെ 4.30 ഓടെയാണ് കാർ കുളത്തിൽ നിന്ന് എടുത്തത്. ഷീലയുടെ മൃതദേഹം കാറിൽത്തന്നെയായിരുന്നു. എന്നാൽ പാലക്കാട് നിന്ന് സ്‌കൂബ ടീം എത്തിയ ശേഷം ആറരയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.
അതേസമയം, ദേശീയപാതയിലെ നിര്‍മാണത്തിലെ അപാകതയാണ് വാണിയമ്പാറയിലെ അപകടത്തിന്റെ പ്രധാന കാരണമെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്.റോഡിന് സമീപം 10 അടി താഴ്ചയിലാണ് കുളം. എന്നാൽ കുളം അവിടെ ഉണ്ടെന്ന സൂചന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.
പെരിഞ്ഞനത്ത് പുലർച്ചെ 2.40ന് സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ആലുവ സ്വദേശികളായ ശ്രീമോൻ(15), ദിൽജിത്ത്(20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഉടൻതന്നെ ദൃക്‌സാക്ഷികൾ ഇവരെ കൊടുങ്ങല്ലൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.