15 November, 2019 08:31:00 PM
വാർത്ത പങ്കുവച്ചത് വെറുതെയായില്ല; വിഷ്ണു പ്രസാദിന്‍റെ മോഷ്ടിക്കപ്പെട്ട സർട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടി
തൃശൂർ: കണ്ടവർ കണ്ടവർ ആ വാർത്ത മനസ്സിൽ കൊണ്ടു നടന്നത് വെറുതെയായില്ല. വിഷ്ണുപ്രസാദിന്‍റെ നഷ്ടപ്പെട്ട ബാഗിലെ പാസ്പോർട്ട് അടക്കമുള്ള ഏതാനും രേഖകൾ തിരിച്ചുകിട്ടി. ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്‍റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാർത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കൽ സ്വദേശി ഇമ്രാനുമാണ് സ്വരാജ് റൗഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ കണ്ടെത്തിയത്. സംശയം തോന്നിയ ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിഷ്ണുപ്രസാദ് എത്തി ഫയൽ ഏറ്റുവാങ്ങി.
വെള്ളിയാഴ്ച ഷാഹിദ്, വിഷുണുപ്രസാദിന്റെ അവസ്ഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വിഷ്ണുപ്രസാദിന്‍റെ തിരിച്ചറിയൽ കാർഡും യോഗ്യത സർട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്..ഞായറാഴ്ച തൃശൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വച്ചാണ് വിഷുണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വർഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്.