14 November, 2019 10:22:30 PM
ഗുരുവായൂരില്‍ 1000 രൂപയ്ക്ക് സുഗമ ദർശനം: മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നല്‍കി
തൃശൂര്‍: നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങിയ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ദർശനം അനുവദിക്കുന്നത് അസമത്വവും അവകാശ ലംഘനവുമാണെന്ന പരാതിയിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് നിർദ്ദേശം നൽകി.
ഇക്കഴിഞ്ഞ ഏപ്രിലിൽ കമ്മീഷൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് ഫയൽ ചെയ്തില്ല. പകരം ദേവസ്വം സമയം ചോദിച്ചു. ഇതിനെ തുടർന്നാണ് 30 ദിവസത്തിനകം മറുപടി ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ നോട്ടീസയച്ചത്. നൂറ് കണക്കിനാളുകൾ ദർശനത്തിന് വരി നിൽക്കുമ്പോഴാണ് 1000 രൂപ വാങ്ങി സമ്പന്നർക്ക് സുഗമമായ ദർശനം നൽകുന്നത്. ഇത് മനുഷ്യത്വപരമല്ലെന്നും സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ദേവസ്വത്തിന്‍റെ തീരുമാനം വിവേചനപരമാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അഭിഭാഷകനായ വി. ദേവദാസാണ് പരാതി നൽകിയത്.