31 October, 2019 11:40:26 PM


തന്‍റെ സംരക്ഷണത്തിന് മക്കളില്‍ നിന്ന് ക്വട്ടേഷന്‍ വിളിച്ച് ഒരമ്മ: 10 ലക്ഷത്തിന് ലേലം ഉറപ്പിച്ച് ഇളയ മകന്‍




തൃശൂര്‍: തന്നെ സംരക്ഷിക്കാന്‍ നൊന്തുപെറ്റ മക്കളില്‍ നിന്നും ക്വട്ടേഷന്‍ വിളിച്ച് ഒരമ്മ. ഞെട്ടിക്കുന്ന സംഭവം നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ. അതും സാംസ്‌കാരിക നഗരിയെന്ന് പുകള്‍പെറ്റ തൃശൂരില്‍. ഭര്‍ത്താവ് മരിച്ച ശേഷം മക്കളുടെ വീടുകളില്‍ മാറി മാറി താമസിച്ചുവന്ന എണ്‍പതുകാരി തന്നെയാണ് ഈ ആശയം മുന്നോട്ട് വെച്ച് പ്രാവര്‍ത്തികമാക്കിയത്.


തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്രൈസ്തവ കുടുംബത്തില്‍പെട്ട വൃദ്ധയെ സംരക്ഷിക്കുന്നതിനുള്ള മക്കളുടെ ലേലം വിളിയില്‍ ലോട്ടറിയടിച്ചത് ഇളയ മകന്. ഒമ്പതു മക്കളില്‍ ഒരാള്‍ മാത്രമാണ് പെണ്‍തരി. ആണ്‍മക്കളില്‍ നാല് പേര്‍ തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമകള്‍. രണ്ട് പേര്‍ സ്വര്‍ണ്ണമൊത്ത വ്യാപാരികള്‍. ഏക മകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കേരളത്തിന് വെളിയിലും.


ഭര്‍ത്താവ് മരിക്കും മുമ്പേ ഭാഗംവെയ്‌പെല്ലാം കഴിഞ്ഞതിനാല്‍ വൃദ്ധയുടെ പേരില്‍ ഭൂസ്വത്തും ബാങ്ക് നിക്ഷേപവുമുണ്ടായിരുന്നു. മൂത്ത മകന്‍ താമസിക്കുന്ന തറവാടും ഇവരുടെ പേരിലാണ്. ഇതുകൊണ്ടുതന്നെ അമ്മയെ സംരക്ഷിക്കാനുള്ള ലേലം വിളിയില്‍ എല്ലാ മക്കളും വളരെ ഉഷാറോടെ പങ്കെടുത്തു. മുപ്പത് ലക്ഷം വരെ വിളിച്ചവരുണ്ട് ഈ കൂട്ടത്തില്‍. പക്ഷെ ഏറ്റവും കുറഞ്ഞ തുക വിളിച്ച ഇളയ മകന് 10 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചു. അമ്മ മകന്‍റെ കൂടെ ഇറങ്ങിപോകുകയും ചെയ്തു.


സത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ സിനിമയില്‍ ഷീല അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഏതാണ്ട് സാമ്യമുണ്ട് ഈ അമ്മയുടെ കഥയ്ക്ക്. ഭര്‍ത്താവിന്‍റെ മരണശേഷം മക്കളുടെ മനസിലിരിപ്പ് മനസിലാക്കിയ വൃദ്ധ തന്നെ മുന്നോട്ട് വെച്ച ഓഫറും തുടര്‍ സംഭവങ്ങളും സ്‌നഹത്തിന്‍റെ വില മറന്ന കുടുംബങ്ങളിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയാവുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K