26 October, 2019 12:27:32 PM
ക്യാന്‍സര്‍ രോഗമെന്ന പേരില്‍ തെറ്റായ റിപ്പോര്‍ട്ട്: സ്വകാര്യ ലാബിനെതിരെ നടപടിയ്ക്കൊരുങ്ങി വീട്ടമ്മ
തൃശൂര്‍: ക്യാന്‍സര്‍ രോഗമെന്ന പേരില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെ നടപടിയ്ക്കൊരുങ്ങി വീട്ടമ്മ . തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയാണ് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത് . വയറില്‍ അസ്വാഭാവികമായ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിലെത്തി സ്കാന്‍ ചെയ്തു.
എന്നാല്‍ വയറില്‍ ക്യാന്‍സറെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ പുഷ്പലതയും , വീട്ടുകാരും തൃശൂര്‍ അമല കാന്‍സര്‍ സെന്‍ററിലെ ഡോ മോഹന്‍ദാസിനെ സമീപിച്ചു . റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ അതില്‍ സംശയം പ്രകടിപ്പിക്കുകയും , ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ക്യാന്‍സറല്ലെന്ന് തെളിഞ്ഞു.
വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതായിരുന്നു. വാടാനപ്പള്ളിയിലെ സ്വകാര്യ ലാബിന്‍റെ അനാസ്ഥ മൂലം കുടുംബം മുഴുവന്‍ അനുഭവിച്ചത് കടുത്ത മാനസികപ്രയാസമായിരുന്നു. ലാബിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്‌പലതയുടെ കുടുംബം. അതേസമയം തെറ്റുപറ്റിയിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.