29 March, 2016 03:59:45 PM
ചൂടിന്‍റെ കാഠിന്യത്താല്‍ വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു
ഇടുക്കി : ചൂട് അസഹ്യമായതോടെ ജില്ലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്‌ഡ് തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടുന്നത്. ഇതിനിടെ എലിപ്പനി, ന്യുമോണിയ എന്നിവ ബാധിച്ച് രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
ഇന്നലെ മാത്രം 239 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 10 പേര്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇന്നലെ ആശുപത്രികളിലെത്തിയ രണ്ടു രോഗികളില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. വണ്ണപ്പുറം സ്വദേശികളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. 12 പേരിലാണ് ചിക്കന്‍പോക്‌സ് കണ്ടെത്തിയത്. നെടുങ്കണ്ടം സ്വദേശിയായ ഒരാളില്‍ ടൈഫോയ്‌ഡും സ്‌ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 28 ദിവസത്തിനിടെ പനി ബാധിച്ച് 4341 പേരാണ് ആശുപത്രികളില്‍ എത്തിയത്.