18 October, 2019 06:58:54 PM
അവശയായ വയോധികക്ക് സംരക്ഷണമൊരുക്കി കാട്ടൂർ ജനമൈത്രി പോലീസും ദയ അഗതിമന്ദിരവും
ഇരിങ്ങാലക്കുട : അവശയായ വയോധികക്ക് സംരക്ഷണമൊരുക്കി കാട്ടൂർ ജനമൈത്രി പോലീസും ദയ അഗതിമന്ദിരവും. ഒറ്റമുറി വീട്ടിൽ തനിച്ച് താമസിച്ചിരുന്ന എടതിരിഞ്ഞി തോട്ടുപറമ്പിൽ അമ്മു മകൾ കുഞ്ഞിബീവാത്തു (70) വിനാണ് സഹായഹസ്തം എത്തിയത്. വിവാഹം കഴിച്ചിട്ടില്ലാത്ത കുഞ്ഞി ബീവാത്തു മാതാപിതാക്കൾ മരണപ്പെട്ടതോടെ ബന്ധുവീടുകളിലായിരുന്നു താമസിച്ച് വന്നിരുന്നത്. ബന്ധുക്കൾ ചേർന്ന് ആറ് സെന്‍റ് സ്ഥലവും വീടും നിർമ്മിച്ച് നൽകിയതോടെയാണ് കുഞ്ഞിബീവാത്തു ഇവിടെക്ക് താമസം മാറ്റിയത്.
പ്രമേഹരോഗിയായ കുഞ്ഞിബീവാത്തുവിന് വർഷങ്ങൾക്ക് മുമ്പ് കാലിൽ വ്രണം ഉണ്ടാകുകയും അതിലൂടെ പഴുപ്പ് കയറുകയും ചെയ്തിരുന്നു. തുടർന്ന് ഇടതുകാലിന്‍റെ പാദവും, വലതുകാലിന്‍റെ മൂന്ന് വിരലുകളും മാറ്റേണ്ടി വന്നു. ഇതോടെ തനിച്ച് ഒന്നെണീറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടായി. സ്വന്തമായി ആകെ ഉണ്ടായിരുന്ന താമസിച്ചിരുന്ന പുരയിടവും ചികിത്സക്കായി വിൽക്കേണ്ടി വന്നു.
വീട് വാങ്ങിച്ചവർ സൗജന്യമായി താമസിക്കാൻ അനുവദിച്ചതിനാലാണ് തുടർന്നും ഈ വീട്ടിൽ തന്നെ താമസിക്കാനായത്. ബന്ധുക്കൾ എത്തിച്ച് നൽകിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം. പ്രമേഹം നിയന്ത്രണ വിധേയമല്ലാതാകുകയും കാൽ മുറിച്ച് മാറ്റിയ ഭാഗത്ത് നിന്നും മേൽപ്പോട്ട് പഴുപ്പ് വീണ്ടും കയറി തുടങ്ങുകയും ചെയ്തതോടെ ഇതുവരെ സംരക്ഷിച്ചിരുന്ന ബന്ധുക്കൾക്ക് തുടർന്ന് സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ബന്ധുക്കൾ കാട്ടൂർ ജനമൈത്രി പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടനെ കാട്ടൂർ എസ്.ഐ പി.ബി അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. പോലീസ് വാഹനത്തിൽ തന്നെ കുറ്റിലക്കടവ് സി.എച്ച്.സി യിലേക്ക് കൊണ്ടുവന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ.സാനു എം പരമേശ്വറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി മുറിവുകളിലെ പഴുപ്പ് നീക്കം ചെയ്തു. പോലീസിന്‍റെ ആവശ്യപ്രകാരം ഇനിയുള്ള കാലം കുഞ്ഞി ബീവാത്തുമ്മാക്ക് എല്ലാ സംരക്ഷണവും ഒരുക്കി പരിചരിക്കുവാൻ തയ്യാറായ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലേക്ക് കുഞ്ഞിബീവാത്തുവിനെ എത്തിച്ചു.
കാട്ടൂർ എസ് ഐ പി.ബി അനീഷ്, എസ് സി പി ഒ കെ.പി രാജു, സി പി ഒ മാരായ മുരുകദാസ്, വിജേഷ്, മണി, വിപിൻ, ജനമൈത്രി അംഗങ്ങളായ ഷെമീർ എളേടത്ത്, നസീർ സീനാസ്, എടതിരിഞ്ഞി മുഹിയുദ്ധീൻ ജുമാ മസ്ജിദ് സിക്രട്ടറി ടി.കെ റഫീക്ക്, സന്ദീപ് പോത്താനി തുടങ്ങിയവർ നേതൃത്വം നൽകി