14 October, 2019 07:32:15 AM
അര നൂറ്റാണ്ട് തൃശൂർ പൂരത്തിൽ നിറസാന്നിധ്യമായിരുന്ന പാറമേക്കാവ് രാജേന്ദ്രൻ വിടചൊല്ലി
തൃശൂര്‍: പാറമേക്കാവ് രാജേന്ദ്രൻ എന്ന ആന ചരിഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പങ്കെടുത്തിട്ടുള്ള കൊമ്പനാണ് രാജേന്ദ്രൻ. പ്രായാധിക്യത്തെ തുടർന്നാണ് രാജേന്ദ്രൻ ചരിഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന് നമ്പൂതിരി ഭക്തരില്‍നിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. 1955ല്‍ പത്തിരിപ്പാലയില്നിന്നാണ് ഇവന് പാറമേക്കാവിലെത്തുന്നത്. എത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം.
ലോറിയില്‍ കയറാന്‍ കൂട്ടാക്കാത്ത ആനകളിലൊന്നായിരുന്നു രാജേന്ദ്രൻ. വെടിക്കെട്ടിനെ പേടിയില്ലാത്തതിനാൽ തൃശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനായിരുന്നു. തൃശൂരില്‍നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നാണ് രാജേന്ദ്രന്. ആളുകളോട് ഇണങ്ങിനില്‍ക്കുന്ന പ്രകൃതമായിരുന്നു. 1967ല്‍ ആണ് രാജേന്ദ്രന് ആദ്യമായി തൃശൂര്‍ പൂരത്തിനു പങ്കെടുത്തത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്പതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു.