24 September, 2019 09:23:12 AM
''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണന്‍?''; ശ്രീലകത്തേക്ക് നോക്കി മുഖ്യമന്ത്രിയുടെ ചോദ്യം
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികില്‍ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനോട് ചോദിച്ചു ''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുളളത്?'' ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനാണ് മുഖ്യമന്ത്രിയെത്തിയത്.
തറക്കല്ലിടലിനുശേഷമുളള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ ക്ഷേത്രനടയ്ക്കരികിലുളള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികില്‍ തെക്കേ ഗോപുരനടിയില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഗുരൂവായൂര്‍ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ആനത്രയമുണ്ടായിരുന്നു. പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരൂവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് മുഖ്യമന്ത്രിയെ ഇടതുകൈയില്‍ പിടിച്ച് കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് കൊണ്ടുവരികയായിരുന്നു.
ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍, കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, ഡി.ജി.പി.ലോകനാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത്‌നിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണെന്ന് താന്‍ പറഞ്ഞപ്പോളാണ് ''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുളളത്'' എന്ന് മുഖ്യമന്ത്രി ചോദിച്ചതെന്ന് മോഹന്‍ദാസ് പറഞ്ഞു. ഗുരൂവായൂരെന്നത് ഭക്തര്‍ക്ക് വൈകാരികമായി അടുപ്പമുളളയിടമാണെന്നും ഇവിടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുളളതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.