18 July, 2019 08:51:05 AM


പാട്ടെഴുതിയ വകയില്‍ പണം കിട്ടാനുണ്ടെന്ന് കൈതപ്രം, തന്നെന്ന് നേമം പുഷ്പരാജ് ; ലളിതകലാ അക്കാദമി ചടങ്ങില്‍ വാക്‌പോര്




തൃശൂര്‍: ലളിതകലാ അക്കാഡമിയുടെ ചിത്ര ശില്‍പ ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ നേമം പുഷ്പരാജും കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും തമ്മില്‍ വാക്‌പോര്. നേമം പുഷ്പരാജിന്റെ സിനിമയ്ക്ക് പാട്ടെഴുതിയ വകയില്‍ പണം ലഭിക്കാനുണ്ടെന്നു കൈതപ്രം പറഞ്ഞതാണ് വിവാദമായത്. കൈതപ്രം പ്രസംഗിച്ചു കഴിഞ്ഞയുടനെ താന്‍ പണം നല്‍കിയെന്നും കൈതപ്രത്തിനു അതു ഓര്‍മയില്ലാത്തതാകാമെന്നും നേമം പുഷ്പരാജ് വിശദീകരിച്ചു.

തുക നല്‍കിയെന്ന മറുപടി പിന്നാലെ കൈതപ്രം നിഷേധിച്ചതോടെ വേദിയില്‍ അസ്വാരസ്യമായി. വാക്കേറ്റമായതോടെ കാണികളും അന്തംവിട്ടു. അന്യരെ വേദനിപ്പിക്കാത്ത കാര്യങ്ങളാണ് കലാകാരന്‍ ചെയ്യേണ്ടതെന്ന് കൈതപ്രം നേരത്തെ പറഞ്ഞുവെച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ വേദിയില്‍ ഉന്നയിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നു. സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായരും അസ്വസ്ഥത പ്രകടിപ്പിച്ചു. വേഗം പ്രസംഗിച്ചു അദ്ദേഹം വേദിവിട്ടു.

കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖംമിനുക്കല്‍ നടപടിയായിരുന്നു ലയം ക്യാമ്പ്. നടന്‍ ജയറാമിന്റെ ചെണ്ടമേളം അടക്കമുള്ള പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടത്തുന്നത്. നടനും സംവിധായകനുമായ മധുപാല്‍ ആയിരുന്നു ഉദ്ഘാടകന്‍. പരിപാടിക്കു കൈതപ്രത്തെ വിളിക്കാന്‍ തീരുമാനിച്ചതു അക്കാദമി എക്‌സി. കമ്മിറ്റിയാണെന്നു സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം അക്കാദമിയിലെ പരിപാടികളില്‍ സിനിമാ താരങ്ങള്‍ക്കാണ് പ്രാമുഖ്യമെന്നും ചിത്രകാരന്മാര്‍ക്ക് അവസരം കുറവാണെന്നുമുള്ള വിമര്‍ശനമുണ്ട്. മന്ത്രി എ.കെ.ബാലനെ സംഭവവികാസങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിവാദ കാര്‍ട്ടൂണ്‍ വിഷയത്തില്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍ അക്കാദമി നിര്‍വാഹകസമിതി ചേരാനിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പു സെക്രട്ടറിയുടെ സൗകര്യത്തിനു അനുസരിച്ചാകും യോഗം ചേരുക. 23 വരെ ചിത്രകലാ ക്യാമ്പും ഓഗസ്റ്റ് അഞ്ചു വരെ ശില്പക്യാമ്പും നടക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K