08 June, 2019 11:30:53 AM
കേരളീയ വേഷത്തിൽ പ്രധാനമന്ത്രി ഗുരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരവും വഴിപാടുകളും
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കഭളച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോദിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തില്‍ മുണ്ടുടുത്താണ് ക്ഷേത്രദര്‍ശനത്തിനായി മോദി എത്തിയത്.
ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. 10.41 ഓടെ ദേവസ്വം ഉമസ്ഥതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. 11.10 വരെ ക്ഷേത്രത്തില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ ക്ഷേത്രത്തില്‍ നിന്നിറങ്ങിയ അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് നടന്നാണ് പോയത്. ഇതിനിടെ ദേവസ്വം പ്രതിനിധികള്‍ ഗുരുവായൂര്‍ വികസനത്തിനുള്ള 450 കോടിയുടെ പദ്ധതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാടിലാണ് അദ്ദേഹം ഇറങ്ങിയത്. ഹെലിപ്പാടില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരത്തു മാറിയാണ് ക്ഷേത്രം. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയത്.